Tuesday 18 October 2011

ക്യാന്‍വാസ്......

















1. വികാരം....

ഇന്നലെ എനിക്കവളോടുള്ള വികാരം
വെറുപ്പായിരുന്നു....
ഇന്നത്‌ സഹതാപമായി മാറി...
നാളെ അതൊരു പ്രണയമായി
മാറിയേക്കാം...

എന്‍റെ ജല്പനങ്ങളിലെ മായാത്ത മുഖം
വളരെ ദൂരെ എന്നെയും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്....
ഞാനും....

( ഇന്ന് അവളെനിക്കു പതിച്ചു നല്‍കിയ
ചുടു ചുംബനത്തിന്‍റെ മധുരം ഞാന്‍ അവള്‍ക്കു
തിരിച്ചു നല്‍കി.
പക്ഷെ!
വഴിതെറ്റി വന്ന ഒരു കനല്‍ ഞങ്ങളുടെ
ഇടയില്‍ വീണു പുകഞ്ഞു കത്തി.... )



2. പ്രണയം....

ഉറക്കം വരാത്ത രാത്രികളില്‍, കിടക്കറയില്‍
അരണ്ട വെളിച്ചത്തില്‍ അവളെ മനസ്സിന്‍റെ
ഫ്രെയിമുകളിലാക്കി
സ്വപ്നം കാണുന്നവനയിരുന്നു കാമുകന്‍....

പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെച്ച
അവന്‍റെ ഹൃദയാക്ഷരങ്ങളെ ഏകാന്തതയില്‍
ആരും കാണാതെ വായിക്കുന്നവളായിരുന്നു കാമുകി....

( ഇന്നലെകളിലെ പ്രണയം )


3. വിരഹം....

കാലത്തിന്‍റെ ഏണിപ്പടിയില്‍ പതിഞ്ഞ കുരുന്നു
കാല്‍പ്പാടുകള്‍ ഇന്നലെ പെയ്ത
മഴയുടെതായിരുന്നു....

ഗൃഹാതുരത്വം പങ്കുവെച്ച രണ്ടു വാനമ്പാടികള്‍
നൈമിഷികമായ പ്രണയത്തെ ക്ഷണിച്ചു വരുത്തി....
ആ വാനമ്പാടികള്‍ ഇന്നലെ രണ്ടു വഴിയില്‍ വെച്ച്
അന്യോന്യം വേര്‍പിരിഞ്ഞു....

( വിരഹത്തിനു അവരുടെ ഇടയില്‍ സ്ഥാനമുണ്ടോ....? )


4. മരണം....

നന്ദിത.....
അവള്‍, ആദ്യം എനിക്ക് വിസ്മയമായിരുന്നു....
ഇപ്പോള്‍ എന്‍റെ കളിക്കൂട്ടുകാരിയും....

"ഇന്നലെ രാത്രിയും ഏതോ ഒരു പൂ
വിരിഞ്ഞിരിക്കും.....
ആ സുഗന്ധത്തില്‍ ആരെക്കെയോ മരിച്ചു
വീണിരിക്കും"....

(ആരും അറിയാതെ അക്ഷരങ്ങളുടെ നിറക്കൂട്ടില്‍ ജീവിച്ച
ആ കലാകാരിയുടെ തൂലിക സ്പര്‍ശം ആരും
തിരിച്ചറിഞ്ഞില്ല!!!
" എങ്കിലും ആരോ" )


5. ഓര്‍മ....

കാലത്തിനു മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മയുടെ
മായാത്ത ഫ്രെയിമുമായി ആരോ!!!

സ്വന്തം ദുഖങ്ങളെ മനസ്സിലൊതുക്കി
മറ്റുള്ളവര്‍ക്ക് മന്ദഹാസം പകര്‍ന്നു നല്‍കിയ
ആ വാനമ്പാടി നാളെയുടെ ഓര്‍മ്മക്കായി ഇന്നലെ
യാത്ര പറഞ്ഞു പിരിഞ്ഞു....

(കാന്‍സര്‍ ബാധിച്ചു നമ്മെ വിട്ടു പിരിഞ്ഞ മനോഹരിയായ
കൊച്ചു പെണ്‍കുട്ടി സുമി സയ്യിദലിയുടെ ഓര്‍മ്മക്കായി....)


6. നിഴല്‍....

നിഗൂഡതകള്‍ തേടിയുള്ള യാത്രയില്‍
എവിടെയോ വിസ്മരിച്ച ഒരു മുഖം.....

ഇന്നലെയുടെ മിഴികളില്‍ പ്രത്യക്ഷമായ
ആ ഇളം തെന്നല്‍ നാളെ നൊസ്റ്റാള്‍ജിയ
കവര്‍ന്നേക്കാം....
ഇന്നലെ എന്‍റെ മനസ്സിന്‍റെ ക്യാന്‍വാസ്
പകര്‍ത്തിയെടുത്ത ആ മുഖം
നിഴലിന്‍റെതാണ്....

"my own shadow...." 

(മനസ്സില്‍ അറിയാതെ കിനിയുന്ന
പ്രണയത്തിന്‍റെ മധുരത്തെ ആ നിഴലിനായി
ഞാന്‍ നീക്കിവെച്ചു.... )


                                   ഷംനാദ് സൈബീരിയ......






ഈ രാത്രിയിലും ഞാന്‍ തനിച്ചാണ്.....




 
 
 
 
 
 
 
 
 
രാത്രിയില്‍ വിരിയുന്ന വയലെറ്റ്‌ പൂക്കളെ ഞാന്‍ കണ്ടിട്ടില്ല..
രാത്രിയില്‍ പാടുന്ന രാപ്പാടിയുടെ കൂടെവിടെ എന്നും
അറിയില്ല...
ദൂരെ എവിടെയോ എന്നെയും കാത്തിരിക്കുന്ന
അവളെയും ( ഒരിക്കല്‍ എന്‍റെതായി തീരേണ്ടവള്‍ )
എനിക്കറിയില്ല...

പക്ഷെ ഒന്നെനിക്കറിയാം!!!
ഈ രാത്രിയിലും ഞാന്‍ തനിച്ചാണ്.....
                                                                           ...........Sham
 

എന്‍റെ മഴത്തുള്ളിക്ക്....


 
 
 
 
 
 
 
ഒരു മഴത്തുള്ളിയായി നീ എന്‍റെ അരികില്‍
ഉണ്ടായിരുന്നുവെങ്കില്‍ ഓരോ തുള്ളിയും
എന്‍റെ ദാഹം തീര്‍ക്കുമായിരുന്നു!!!

ഒരു കുഞ്ഞു മഴത്തുള്ളിയായി നീ മടങ്ങുമ്പോള്‍
ഞാന്‍ നിറകണ്ണുകളുമായി നോക്കി നില്‍ക്കുമായിരുന്നു...

എന്നും പാടത്ത് നിന്നെയും പ്രതീക്ഷിച്ചു ഞാന്‍
ഉണ്ടായിരുന്നു..
എന്‍റെ ബാല്യവും കൗമാരവും നീ ആയിരുന്നു..
നിന്‍റെ ഓരോ തുള്ളിയും എന്‍റെ നെറുകയില്‍
സ്പര്‍ശിച്ചത് അറിയാതെ ഞാന്‍ ഓര്‍ക്കുമായിരുന്നു..

നിന്‍റെ തണുത്ത കൈകളില്‍ മുഖമൊളിപ്പിക്കാന്‍
ഞാന്‍ എന്നും കൊതിക്കുമായിരുന്നു...
നീ എന്നെ തഴുകുമ്പോള്‍ ഞാന്‍ അലിഞ്ഞ് അലിഞ്ഞ്
ഇല്ലാതാകുമായിരുന്നു...
നീ പെയ്തിറങ്ങുമ്പോള്‍ ഒരു കൊച്ചു കുട്ടിയായി
ഞാന്‍ നിനക്ക് കൂട്ടിനുണ്ടായിരുന്നു...

പ്രീയ മഴത്തുള്ളി എന്‍റെ ഓര്‍മയില്‍ എന്നും
നീ മാത്രമായിരുന്നു......
                                                             .........സൈബീ
 

Friday 7 October 2011

വളപ്പൊട്ടുകള്‍...


















 പുഴക്കരയിലെ മണല്‍ തിട്ടയില്‍ തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോഴും
വളപ്പൊട്ടുകളെ കുറിച്ച് ആയിരുന്നു അവന്‍റെ ചിന്ത....
എം. ടി യുടെ കഥയിലെ വളപ്പൊട്ടുകളുടെ പരാമര്‍ശ ഭാഗത്തിനു തന്‍റെ
ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് അവന്‍ അത്ഭുതപ്പെടുമായിരുന്നു.....

സംശയങ്ങള്‍ക്ക് അപ്പുറമുള്ള ചില സത്യങ്ങളെ അവന്‍ തിരിച്ചറിഞ്ഞു....
ഒരു പിടി മണല്‍ വാരി അവന്‍ പുഴ വെള്ളത്തിലേക്കെറിഞ്ഞു....
തീറ്റയെന്ന ധാരണയില്‍ ഉയര്‍ന്നു വരുന്ന ചെറു മീനുകളെ നിലാവെളിച്ചത്തില്‍ ചലിക്കുന്ന നിഴലുകളായി കണ്ടു....
പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ തലപ്പുകള്‍ക്കിടയിലൂടെ പൂര്‍ണ ചന്ദ്രന്‍റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു....

പുഴയിലെ ചെറു ഓളങ്ങളില്‍ തട്ടി ജീവിത ചിത്രങ്ങളുടെ മിഴിവ് നശിക്കുന്നുണ്ടായിരുന്നു...
മാറോടടുക്കി പിടിച്ച വളപ്പൊട്ടുകള്‍ ആരും കാണാതെ പുഴയുടെ പിന്നാം പുറത്തുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞ കൗമാരക്കാരന്‍റെ വിഭ്രാന്തിയും ഇന്നലെയെന്നത് പോലെ അവനറിഞ്ഞു....
കൗമാരവും യൗവനവും കഴിഞ്ഞു പുഴ ഒഴുകുകയായിരുന്നു.
രാവ് നീണ്ടപ്പോള്‍ അവന്‍ പുഴക്കരയില്‍ നിന്ന് എഴുന്നേറ്റു നടന്നു....


തെരുവ്:-

സത്യങ്ങളുടെ ദൂരക്കാഴ്ചകള്‍ നിറഞ്ഞ സമൂഹത്തിലെ ചവറ്റു കൂനകള്‍....
പീടിക കോലായില്‍ അന്തിയുറങ്ങുന്നത് തെരുവിന്‍റെ ആത്മാക്കള്‍. അവന്‍റെ ജീവിതം ആരംഭിക്കുന്നത് ഇവിടെ.
അവന്‍ അവളെ കണ്ടു മുട്ടിയതും ഇവിടെ തന്നെ.
സംസ്കാരത്തിന്‍റെ നാല്ച്ചുമരുകളുടെ തളയ്ക്കപ്പെടാത്ത ജീവിതങ്ങളുടെ
തട്ടകമാണ് തെരുവ്....


അവന്‍:-

സമൂഹത്തിന്‍റെ പകല്‍ വെളിച്ചത്തിലേക്കിറങ്ങി ചെന്നിട്ടില്ലാത്ത തെരുവില്‍ പിറന്ന കലാകാരന്‍.
വിശപ്പിന്‍റെ നിശബ്ദമായ നിലവിളി പൊങ്ങുന്ന വഴികളിലൂടെ നടന്നു തെരുവിന്‍റെ ആത്മാവ് ക്യാന്‍വാസില്‍ ആക്കുന്ന ചിത്രകാരന്‍.
ചില്ലുകൂടാരങ്ങള്‍ക്ക് ഉള്ളിലിരുന്നു പാവപ്പെട്ടവന്‍റെ ജീവിതമെഴുതുന്ന ബ്യുറോക്രാറ്റുകളെ നിറഞ്ഞ മനസ്സോടെ നോക്കിക്കാണുന്നവന്‍....
അറപ്പോടെ അകന്നു നില്‍ക്കുന്നവരെ നോക്കി പൊട്ടിച്ചിരിക്കുന തെളിഞ്ഞ ബുദ്ധി.
പക്ഷെ!!!
ഓര്‍മയിലെ വളപ്പൊട്ടുകളെ വേദനയായി കൊണ്ടു നടക്കുന്നവന്‍.....


അവള്‍:-

പുഴക്കരയിലെ ഒരു മണല്‍ക്കൂനയ്ക്ക് കീഴില്‍ ഉറങ്ങുന്നവള്‍.
തെരുവിന്‍റെ ഇന്നലെകളുടെ ജീവന്‍റെ തുടിപ്പ്.
അവനു വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ പകര്‍ന്നു നല്‍കിയവള്‍.....
പാതി വഴിയില്‍ മുറിഞ്ഞു പോയ സുന്ദര സ്വപ്നം.....


ചിത്രങ്ങള്‍:-

ക്യാന്‍വാസില്‍ വാര്‍ന്നു വീഴുന്ന അവന്‍റെ ആത്മാവ്.
ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും തിരുശേഷിപ്പുകള്‍.
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ ഉദാത്തവല്‍ക്കരിക്കുന്ന പ്രതീകങ്ങള്‍.
പ്രസിദ്ധമായ ആര്‍ട്ട്‌ ഗാലറികളില്‍ വിശ്വ വിഖ്യാത രചനകള്‍ക്കൊപ്പം നില കൊള്ളുന്നു....
ലോകത്തിന്‍റെ കണ്ണില്‍ അഞ്ജാതമായ ചിത്രകാരന്‍റെ അത്ഭുത സൃഷ്ടികള്‍....


പുഴ:-

പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും ഇണകളെ കൂട്ടിയിണക്കുന്ന കണ്ണി.
സ്നേഹത്തിന്‍റെ ഒരിക്കലും വറ്റാത്ത കണ്ണുനീര്‍.
വളപ്പൊട്ടുകളെ ഉള്ളിലേറ്റ് വാങ്ങിയ അവന്‍റെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രം. അനാഥനായ അവനെ സനാഥനാക്കുന്ന ആള്‍രൂപം.
ഉറവ വറ്റാത്ത പ്രകൃതിയുടെ സ്നേഹത്തിന്‍റെ ഒഴുക്ക്....


കാലം:-

നീണ്ട ജീവിതപാതയിലെ അവഗണിക്കാനാവാത്ത സാന്നിധ്യം.
അവനിലെ കലാകാരന് അനുഭവങ്ങളുടെ നിറസന്ധ്യകള്‍ നല്‍കിയത്
കാലത്തിന്‍റെ കൈവഴികള്‍....
മയിപ്പീലിതണ്ടിന്‍റെ സൗന്ദര്യത്തെ തന്‍റെ ജീവിതത്തിലേക്കാവാഹിച്ചത്
കാലമെന്നവന്‍ വിശ്വസിക്കുന്നു. വളപ്പൊട്ട്‌ വീണുടയുന്ന നേര്‍ത്ത ശബ്ദം അവനെ കേള്‍പ്പിച്ചതും കാലമായിരുന്നു.
അനന്തമായ യാത്രയാണ്‌ കാലം....

തെരുവ് ശാന്തമാണ്‌....
രാവിനു കടുപ്പമേറുന്നു.
അരണ്ട വെളിച്ചത്തില്‍ പൂര്‍ണ്ണമാകാത്ത ചിത്രത്തിന് മുകളിലൂടെ
അവന്‍റെ വിരല്‍തുമ്പിലെ ബ്രഷ് ചലിച്ചു കൊണ്ടിരുന്നു.
നിറങ്ങള്‍ ക്യാന്‍വാസില്‍ വര്‍ണ വിസ്മയം സൃഷ്ടിച്ചെങ്കിലും അവന്‍റെ മുഖം അസ്വസ്ഥമായിരുന്നു. അല്പ്പം മാറി നിന്ന് ചിത്രം വീക്ഷിച്ചെങ്കിലും ആത്മ സംതൃപ്തിയുടെ വെളിച്ചം മങ്ങിയിരുന്നു.
മറ്റുള്ളവയുടെ നിഴലുകള്‍ അല്ലാതെ പുതിയതൊന്നു അവനു ഇവിടെ കണ്ടെത്താനായില്ല. ചിത്രത്തിലേക്ക് തുറിച്ചു നോക്കിയിരുന്ന അവന്‍റെ മുഖത്തേക്ക് രോഷം ഇരച്ചു കയറി.
കോപാന്ധനായ അവന്‍ നിറക്കൂട്ടുകലെടുത്തു ക്യാന്‍വാസിലേക്ക് കമഴ്ത്തി. അത് മറിച്ചിട്ട ശേഷം നിലത്തിട്ടു ചവിട്ടി.
കലിയടങ്ങാതെ അതിനു തീ കൊളുത്തി.
മുറിയില്‍ പുക നിറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി നടന്നു.
ഉള്ളിലുള്ളതെല്ലാം പകര്‍ത്തി കഴിഞ്ഞുവെന്ന സത്യം അവന്‍ തിരിച്ചറിയുകയായിരുന്നു....

മനസ്സ് ഒഴിഞ്ഞ ക്യാന്‍വാസ് പോലെ ശുന്യമായിരുന്നു.
മരിച്ചു പോയ രൂപങ്ങളുടെ ആത്മാക്കളെ പേറിക്കഴിയാനാവാത്ത
തിരിച്ചറിവില്‍ ഒരു ദേശാടനത്തിന്‍റെ സാധ്യതകളെക്കുറിച്ച് അവനാലോചിച്ചു.

ഇരുട്ടിലൂടെ നടന്നവന്‍ പുഴക്കരയിലെ അവളുടെ കുഴിമാടത്തിനരികിലെത്തി, നിശബ്ദമായി പ്രാര്‍ത്ഥിച്ചു.
പാതിയടഞ്ഞ മിഴികളില്‍ നിന്നും കൊഴിഞ്ഞു വീണ കണ്ണുനീര്‍തുള്ളികള്‍
വിയോഗത്തിന്‍റെ മുറിവുണങ്ങാത്ത മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികളായിരുന്നു.
സ്വാന്തനത്തിന്‍റെ അദൃശ്യകരങ്ങള്‍ ഹൃദയത്തെ തഴുകിയപ്പോള്‍ അവന്‍ പുഴക്കരയിലേക്ക് നടന്നു.
ഓര്‍മകളില്‍ ഒരിക്കലും മറക്കാത്ത വളപ്പൊട്ടുകളുടെയും അതിന്‍റെ ജ്വലിക്കുന്ന സൗന്ദര്യത്തേയും ആത്മാവിലേറ്റ് വാങ്ങിയ പുഴ ശാന്തമായിരുന്നു.....

                                                                                    ഷംനാദ് സൈബീരിയ......



നിരര്‍ത്ഥകം....


യാഥാര്‍ത്ഥ്യത്തിന്‍റെ പടിയും തേടി
വന്നവന്‍റെ വഴി നിഗൂഡമായിരുന്നു....
സ്വന്തം ദുഃഖങ്ങളെ മൗനത്തില്‍
ഒതുക്കിയവന്‍ ബന്ധങ്ങളുടെ മുങ്ങാക്കയത്തിലെക്കുള്ള
കെണിയില്‍ അകപ്പെട്ടു....

നിധി പോലെ കിട്ടിയ ജന്‍മത്തെ ഉപേക്ഷിക്കാന്‍
അവനു മനസ്സ് വന്നില്ല....
ജീവിതം അവനു സമ്മാനിച്ച വേദനകളെ അവന്‍
മനപ്പൂര്‍വം മറന്നു ചുറ്റും പരതി....
സമൂഹത്തിന്‍റെ ദൃഷ്ടികള്‍ അവനില്‍ പതിഞ്ഞു....
നിര്‍വികാരനായി സമൂഹത്തെ നോക്കിക്കണ്ട
അവനിലൊരു പുച്ഛച്ചിരി വിരിഞ്ഞു....

പിന്നെയവന്‍, പൊട്ടിച്ചിരിച്ചു!
പ്രകാശം അകലുവോളം....













കാഴ്ചകളില്‍.....



1. ക്യാമ്പസിന്‍റെ നിഴല്‍.......!!!
ആണും പെണ്ണും സൊറ പറയുന്നു....
ഇടനാഴികളില്‍!
ചുമര്‍ ചിത്രത്തിന്‍റെ നീണ്ട നിര( കാല്‍പ്പാടുകള്‍)....

2. മഴ പെയ്യുന്നു.....!!!
ചാറ്റല്‍ മഴയ്ക്ക്‌ പറയാന്‍ ഏറെ.....
പിണക്കത്തിന് ശേഷം കാറ്റുമായി സല്ലപിക്കുന്നു.....


3. ശാസ്ത്ര ലാബില്‍....!!!
തവളകള്‍.!!!
യാതൊന്നും അറിയാതെ മരണത്തെ കാത്തിരിക്കുന്നു....
കാഡവര്‍ ടാങ്കില്‍ ശവങ്ങള്‍
നീന്തിത്തുടിക്കുന്നു.... ( വിദ്യാര്‍ഥികള്‍ക്കായി)


4. ക്ലാസ്സുകളില്‍....!!!
അധ്യാപകര്‍ വാ തോരാതെ അലയ്ക്കുന്നു....
വിദ്യാര്‍ഥികളില്‍ രണ്ടു വികാരം മാത്രം....
പകയും പ്രണയവും.....



5. കാഴ്ചയുടെ ഫ്രെയിമില്‍....!!!
റോഡിലൂടെ രണ്ടു ശകടങ്ങള്‍ യാത്ര തുടരുന്നു....
ഒന്ന് ജീവിക്കാനും.
മറ്റൊന്ന് നിലനില്‍ക്കാനും.....











ജല്പനങ്ങള്‍...


തൊണ്ടക്കുഴിയില്‍ അടങ്ങിയ നിലവിളിയുടെ
നടുക്കം വിട്ടുമാറും മുന്‍പേ
കത്തുന്ന ശവങ്ങളുടെ
രൂക്ഷ ഗന്ധം
നാസാദ്വാരങ്ങളിലേക്ക് അടിച്ചു കയറി...

ബാല്യത്തിന്‍റെ ചാടുല്യത്തില്‍
മിന്നിയ മിഴികള്‍ അകാരണമായ
പകയുടെ ഉത്ഭവത്തെ തേടി അലയുന്നു...

ഇവിടെ!!!
ജീവനും ജീവിതവും പകയോടെ
പരസ്പരം പോരടിക്കുന്നു..
നഷ്ടപ്പെടാനൊന്നുമില്ലാത്തവന്‍റ
വന്യമായ ആഹ്ലാദം ഓരോ ജീവനിലേക്കും
വഴിമാറുന്നു

ശുഭാപ്തി വിശ്വാസിയുടെ ജല്പനങ്ങളില്‍
രക്തക്കറ ആണ്ടിറങ്ങിയിരിക്കുന്നു..
ഇതിന്‍റെ അവസാനം???

ഇനി
നാളെയുടെ മിഴികളില്‍
ഇന്നലെ പെയ്ത മഴയുടെ വെറും
ചഞ്ചലമായ ഓര്‍മ്മകള്‍ മാത്രം....














ചായക്കൂട്ടുകള്‍.....





പറയാന്‍ മറന്ന വാക്കുകള്‍ ഇന്ന് നാവില്‍ നിറയുമ്പോള്‍
ചെവിയോര്‍ക്കാന്‍ നീ ഇല്ലല്ലോ എന്ന് മനസ്സിനോട്
മന്ത്രിക്കുകയായിരുന്നു ഞാന്‍....

ക്യാന്‍വാസില്‍ ആരും കാണാതെ മറച്ച നിന്‍റെ മുഖം
മങ്ങിയിരിക്കുന്നു....
ചായക്കൂട്ടുകള്‍ക്ക് നടുവില്‍ നീ അവ്യക്തമായ ഓര്‍മകളില്‍
ഇന്ന് ജീവിക്കുന്നു...
ഇനിയും എന്നില്‍ അവശേഷിക്കുന്ന നിന്‍റെ നിശബ്ദത എന്‍റെ
വാക്കുകള്‍ മനസ്സിലാക്കാതെ പോകുന്നു...
നീ എന്ന ജീവന്‍ പതിഞ്ഞ ക്യാന്‍വാസ്‌ പതിയെ പതിയെ
എനിക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.
പങ്കു വെച്ച നിമിഷങ്ങളും പരസ്പരം സമ്മാനിച്ച ചുംബനങ്ങളും
എപ്പോഴോ നമ്മളെ നാമല്ലാതെ മാറ്റിയിരിക്കുന്നു...
വെറും അപരിചിതര്‍ മാത്രമാണ് നമ്മളിപ്പോള്‍!!!.....



                                                                                           .....Sham



ഞാനും നിശബ്ദതയും....



നിശബ്ദതയെ ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു....
അശാന്തമായിരുന്ന എന്‍റെ മനസ്സിന്‍റെ
മാറിലൊളിച്ചവളാണ്,
രാത്രിയുടെ ഇരുണ്ട യാമത്തില്‍ എനിക്ക്
കൂട്ടായി ഇരുന്നവള്‍....
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍
പ്രണയബദ്ധരാണ്,  വേര്‍പിരിയാനാവാത്ത വിധം...






Thursday 6 October 2011

പ്രണയത്തിലൂടെ....



  പ്രണയം!!!
അത് രണ്ടു മനസ്സുകളുടെ നിശബ്ദ ഭാഷയാണ്...
ചിലപ്പോള്‍ മിഴികള്‍ സംസാരിക്കുന്ന നിശബ്ദ ഭാഷ..
ചിലപ്പോള്‍ വെമ്പുന്ന ഹൃദയത്തിന്‍റെ ഭാഷ... 









പറയാന്‍ ബാക്കിവച്ചതൊക്കെയും മറന്നു....
കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ക്ക് ചെവിയോര്‍ത്തുമില്ല....
മനമറിഞ്ഞു തോന്നിയ വികാരം പങ്കുവെച്ചുമില്ല.....










പ്രണയം മഴ പോലെയാണ്....
എപ്പോഴോ വന്നു മനസ്സിനെ തലോടി ഒരു വേദന സമ്മാനിച്ച് എവിടേക്കോ പോകുന്നു..... 







എന്‍റെ പ്രണയം നിലനില്‍ക്കുന്നത് നിന്‍റെ മനസ്സിലാണ്...
നീ അതിനെ തിരിച്ചറിയുമ്പോള്‍ നമ്മുടെ പ്രണയം തുടങ്ങുന്നു...








എന്‍റെ തൂലിക.....


എന്‍റെ തൂലികയ്ക്ക് നിന്‍റെ നിറമായിരുന്നു....
പ്രണയമായിരുന്നു എന്‍റെ വാക്കുകള്‍.....
അതിന്‍റെ മഷി കെട്ടുപോയപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത്
നിന്നെ തന്നെ ആയിരുന്നു....






നിന്നോട്....

ഓരോ മഴയും മനസ്സിലേക്ക് ഓടിയെത്തുമ്പോള്‍
അറിയാതെ ഓര്‍ക്കാറുണ്ട് ഞാന്‍ നിന്നെ....
എന്നും സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന നിന്നെ.....


അപ്പോള്‍ ഞാന്‍ മനസ്സറിയാതെ പറയാറുണ്ട്‌!!!
ഈ പെയ്യുന്ന മഴയ്ക്കും നിന്‍റെ രൂപമാണെന്ന്.....
























മഴ




ഇടവഴിയില്‍ മഴ നിറയുകയായിരുന്നു.
ചുറ്റും കാല്‍പ്പാടുകള്‍ വീഴ്ത്തി ഞാന്‍ ഇടവഴിയിലൂടെ നടന്നു.
പിന്നിലെ കാല്പ്പാടുകളെ മഴ മായ്ച്ചു കൊണ്ടിരുന്നു....




നിന്‍റെ ഓര്‍മ്മകള്‍....




മഴ നനഞ്ഞ നിന്‍ ഓര്‍മകളെ ഞാന്‍ എങ്ങനെ മറക്കും....
നിനക്കും എനിക്കും ഇടയില്‍ അന്നും ഇന്നും മഴയുണ്ടായിരുന്നു...
അന്ന് നിന്നെ ആദ്യമായി കണ്ടനേരവും മഴ
പെയ്യുന്നുണ്ടായിരുന്നു....




നിശബ്ദത...



എന്‍റെ നിശബ്ദത നിന്‍റെ സ്വരം ആയിരുന്നു...
ഉറക്കം വരാത്ത രാത്രികളില്‍ നിശബ്ദതയായിരുന്നു നിന്‍റെ
പ്രണയം എനിക്ക് സമ്മാനിച്ചത്...
ഇനിയും നിന്റെതായി എന്തെങ്കിലും 
          എന്നില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍
അത് നീ സമ്മാനിച്ച നിശബ്ദത മാത്രമാണ്......
























മഴ പെയ്തൊഴിയാതെ.....




(മഴ പെയ്യുകയാണ്... ഇടനാഴികള്‍ പിന്നിട്ടു  ജനാലയിലൂടെ തണുത്തകാറ്റ് ക്ലാസ്സ്‌ മുറികളില്‍ നിറയുന്നു..... എല്ലാ കണ്ണുകളും മഴയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നു... ദൂരെ നേര്‍ത്ത മഞ്ഞിന്‍ കണം കണക്കെ മഴ പൊട്ടിത്തകര്‍ന്നു വീഴുന്നു... മഴയുടെ ശബ്ദ കോലാഹലങ്ങളില്‍ ആരെക്കെയോ നെടുവീര്‍പ്പെടുന്നു.... സ്വപ്നങ്ങള്‍ നെയ്യുന്നു....  മഴ വീണ്ടും എത്തുന്നതിന്‍റെ സൂചനകള്‍! എല്ലാ കണ്ണുകളിലും മഴയുടെ അവ്യക്തമായ രൂപം പതിഞ്ഞിരിക്കുന്നു....)


എന്‍റെ കാമ്പസ്സിലേക്ക്




















കെ. വി. വി. എസ്സ് ക്യാമ്പസ്സില്‍ മഴ പെയ്യുകയാണ്....
വളരെ നാളുകള്‍ക്ക് ശേഷമുള്ള വരവാണ്. 
നനഞ്ഞ ഇടനാഴിയിലൂടെ ഞാന്‍ നടന്നു...
ഒന്നാം നിലയിലെ  14 -›൦ നമ്പര്‍ ക്ലാസിനു പുറത്ത്‌,
ഇടനാഴിയില്‍ നിന്ന് മഴയുടെ സൗന്ദര്യം  ആസ്വദിക്കുകയാണ്

ക്യാമ്പസിലെ കവയിത്രി അനു...
എന്നെ കണ്ടതും ആസ്വാദനം നിര്‍ത്തി അനു പറഞ്ഞു തുടങ്ങി.. 
ഇന്നലെയിലെ മഴയാണ് എനിക്കിഷ്ടം....
ആ  പഴയ മഴക്കാലമാണ് ഓര്‍മയിലെല്ലാം.

പക്ഷേ ഇപ്പോള്‍ അവ എനിക്ക് വാക്കുകളിലൊതുങ്ങാത്ത

വേദനയാണ്....

മഴയുടെ ശക്തി കുറഞ്ഞെന്നു തോന്നുന്നു...

അകലെ  ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് അവ്യക്തമായി കാണാം...

ഇടനാഴിയിലൂടെ പല നിറങ്ങള്‍ നടന്നു നീങ്ങുന്നു....

മഴ ചാറ്റലായി ചുരുങ്ങി..  
സെക്കന്‍റ് ടി. ടി. എം  ലെ  സുന്ദരിയോട് മഴയെപ്പറ്റി അന്വേഷിച്ചപ്പോള്‍
ഒരു മഴത്തുള്ളി പോലെ അവള്‍ പുഞ്ചിരിച്ചു... 
ഇനിയൊന്നും അവള്‍ക്ക് പറയാന്‍  ബാക്കിയില്ല.... 
കാരണം മഴയുടെ മുഴുവന്‍
സൗന്ദര്യവും നിറഞ്ഞതായിരുന്നു ആ പുഞ്ചിരി....

       അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ശ്രീക്കുട്ടന്
മഴയെക്കുറിച്ച് വളരെയേറെ പറയുവാന്‍ ഉണ്ട്....

അവന്‍ പറഞ്ഞു തുടങ്ങി....


കെ. വി. വി. എസ്സ് ക്യാമ്പസ്സില്‍ ഞാന്‍ ആദ്യം എത്തിയത് 
മഴ നനഞ്ഞാണ്....
നീല കണ്ണുകള്‍ ഉള്ള ഒരു സുന്ദരി
എനിക്ക് പിന്നാലെ കുടയും പിടിച്ച് നടക്കുന്നുണ്ടായിരുന്നു....
അറിയാതെ തിരിഞ്ഞ് നോക്കിയത് സഹതാപം
നിറഞ്ഞ അവളുടെ കണ്ണുകളിലേക്കാണ്....  
ഇന്ന് അവളെന്‍റെ പ്രണയിനി ആണ്...
ഇതേ മഴ തന്നെ ആണ് അവളെ എനിക്ക് സമ്മാനിച്ചത്.... 
അതുകൊണ്ട് അവളെപ്പോലെ മഴയോടും എനിക്ക് പ്രണയമാണ്....
അത്രയും പറഞ്ഞു അവസാനിപ്പിച്ചു അവന്‍ സെക്കന്‍റ് ഫ്ലോറിലെ ജനാലയിലേക്ക് വിരല്‍ ചൂണ്ടി...

അവിടെ അവനെയും കാത്ത് നീല കണ്ണുകളുള്ള ഒരു പെണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നു... 
എന്നോട് യാത്ര പറഞ്ഞ് അവന്‍ ആ പടവുകളിലേക്ക് ഓടിക്കയറി...

       മുന്നോട്ടു നീങ്ങിയ ഞാനെത്തിയത് ആളൊഴിഞ്ഞ വരാന്തയില്‍ 
ദുഃഖിതയായി നില്‍ക്കുന്ന ഹംനയുടെ മുന്‍പിലേക്കാണ്...
മഴയെ പ്പറ്റി ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ ഈറനായി.... 
അവള്‍ പറഞ്ഞ് തുടങ്ങി....
ഈ മഴയുടെ ഓരോ തുള്ളിയും എനിക്ക് ദുഃഖങ്ങളാണ്. 
കഴിഞ്ഞ വര്‍ഷം ഈ മഴയെ സാക്ഷിയാക്കിയാണ് ഞങ്ങള്‍
പ്രണയം പങ്കുവെച്ചത്.... 
പക്ഷേ, ഈ മഴ വേര്‍പാടിന്‍റെ ഓര്‍മ്മപ്പെടുത്തലുകളാകുന്നു.. 
പിന്നെയുമെന്തോ പറയാന്‍ വന്ന്
പൊട്ടിക്കരച്ചിലവസാനിച്ചു. 
അവന്‍ കോളേജ് വിട്ടതിന് ശേഷമുള്ള ആദ്യ മഴയാണ്...
ഈ മഴ അവരുടെ പ്രണയത്തിന്‍റെ പ്രതീകമാണ്.
ഹംന യെ കരയാന്‍ വിട്ട് ഞാന്‍ നടന്നു....  
മഴ പെയ്തു തോരുന്ന വരെ അവള്‍ കരയട്ടെ.... 
കരഞ്ഞു തീരുമ്പോള്‍ മഴയും തീര്‍ന്നിട്ടുണ്ടാകും....
വിശുദ്ധ സ്നേഹത്തിന്‍റെ കണ്ണുനീര്‍ തുള്ളികളാണ് മഴയെന്ന് എഴുതിയ കവിയേതാണ്....

അറിയില്ല!!!

        9 -›൦ നമ്പര്‍ ക്ലാസ്സില്‍ നിന്ന് ശബ്ദമുയര്‍ന്ന് കേള്‍ക്കുന്നു.. 
സന്ദീപ്‌, പ്രതീഷ്‌, ഹാരിസ്‌, അഫ്സര്‍, അജോ  തുടങ്ങിയവര്‍ 
മഴയെപ്പറ്റി ചൂടന്‍ സംവാദത്തിലാണ്... 
മഴയൊച്ചക്ക്  മേലേക്ക് ശബ്ദമുയര്‍ത്തി ഓരോരുത്തരും
വാദമുറപ്പിക്കുന്നു...

കഴിഞ്ഞ ദിവസം ഏതോ വാരികയില്‍ വന്ന സുഗതകുമാരിയുടെ മഴയെപ്പറ്റിയുള്ള  ലേഖനമാണ് കുഴപ്പത്തിനെല്ലാം കാരണം... 
അവിടെ നിന്നും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി....

      നടന്നു നടന്നു ലൈബ്രറി വരാന്തയിലെത്തി... 
അവിടെ ആരോ ഒറ്റക്കിരുന്നു മഴ കാണുന്നു..
അഞ്ജു നീയായിരുന്നോ? എന്താ ക്ലാസ്സില്‍ കയറിയില്ലേ??

ഇല്ല! നീ ഇവിടെ ഇരിക്ക്!!!
ഞാനവളോടൊപ്പമിരുന്നു.. 
ചാറ്റല്‍ത്തുള്ളികള്‍ ഞങ്ങളുടെ ഇടയിലേക്ക് വഴിതെറ്റി
വന്നുകൊണ്ടിരുന്നു...

മഴയെ നോക്കി അവള്‍ പറഞ്ഞു തുടങ്ങി... 
മഴയോടെനിക്ക് വല്ലാത്ത പ്രണയമാണ്. 
കുട്ടിക്കാലം മുതല്‍ക്കെ മഴക്കാലങ്ങള്‍  സന്തോഷത്തിന്‍റെ 
ദിനങ്ങളാണ്... 
ചാറ്റല്‍ മഴയും നനഞ്ഞ് പാട വരമ്പിലൂടെ ഓടിക്കളിക്കുന്ന 
എന്നിലെ  ആ പഴയ കുട്ടിയെ  ഞാനിപ്പൊഴും ഓര്‍ക്കുന്നു... 
കതിര്‍ നിറഞ്ഞ ആ നെല്‍പ്പാട ത്തിലൂടെ ഓടിക്കളിക്കുവാന്‍ ഞാന്‍ 
ഇന്നും കൊതിക്കുകയാണ്..
അവയെല്ലാം  എന്‍റെ മനസ്സിലൊരു ഗൃഹാതുരതയാണ്.... 
മഴ പെയ്യുമ്പോള്‍ എനിക്കെങ്ങനെ ക്ലാസ്സിലിരിക്കാന്‍ കഴിയും...
ഈ മഴക്കാലം കഴിയുന്നതുവരെ  ഞാനിവിടെയൊക്കെ

തന്നെയാകും കാണുക....

      കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് മുന്നിലെ വരാന്തയില്‍ 
വേണു സാര്‍ മഴ നിമിഷങ്ങളിലാണ്... 
മഴയും നനഞ്ഞ് ഞാന്‍ വരാന്തയിലേക്ക്കയറി... 
ഒരു മഴച്ചിരിയുമായി സാര്‍ എന്‍റെ തോളില്‍ തൊട്ടു. 
ചോദിക്കാന്‍ തുടങ്ങും മുന്‍പേ സാര്‍ സംസാരിച്ചു തുടങ്ങി...

കുറച്ച് ദിവസമായി ഞാനീ മഴയെ പ്രതീക്ഷിക്കുന്നു. 
ക്യാമ്പസ്സിലെ ഇ മഴ എത്ര വര്‍ഷമായി ഞാന്‍ കാണുന്നു... 
ഓരോ വര്‍ഷവും പുതുമയുള്ള മഴ മുഖങ്ങളാണ്...
അരുന്ധതി റോയി യുടെ ' ദി ഗോഡ്‌ ഓഫ് സ്മാള്‍ തിംഗ്സ് ' എന്ന നോവല്‍ തുടങ്ങുന്നത് തന്നെ മഴയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്..

മഴ പെയ്യുമ്പോള്‍ ക്ലാസ്സ്‌ എടുക്കാനാണ് എനിക്കേറെ ഇഷ്ടം.. 
മഴ ഓര്‍മകളില്‍ നിന്നും വാക്കുകളെ പെയ്യിക്കുന്നു.
ഈ മഴ എന്‍റെ നൊസ്റ്റാള്‍ജിയയെ ഉണര്‍ത്തുന്നു. 
ഓര്‍ക്കാപ്പുറത്ത് ബെല്‍ മുഴങ്ങിയപ്പോള്‍ സാര്‍  യാത്ര പറഞ്ഞ്  
തിടുക്കത്തില്‍  രണ്ടാം വര്‍ഷ ബി.കോം ക്ലാസ്സിലേക്ക് നടന്നു... 
 മഴ അപ്പോള്‍ തുള്ളികളായി പെയ്യുന്നുണ്ടായിരുന്നു...

വെറുതെ  കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റിനകത്ത് കയറിയപ്പോള്‍
കല ടീച്ചര്‍, മിനി ടീച്ചര്‍, പ്രിയ ടീച്ചര്‍, അനിത ടീച്ചര്‍ എന്നിവര്‍ 
ചുറ്റും കൂടിയിരുന്ന് സൊറ പറയുന്നതാണ് കണ്ടത്.. 
ഒരു ചിരി സമ്മാനിച്ച്‌ ഞാന്‍ ചാറ്റല്‍ മഴയിലേക്കിറങ്ങി...

മഴയും നനഞ്ഞ് ഞാന്‍ ക്യാമ്പസ്സിലേക്ക്‌ നടന്നു... 
പ്രണയ പീഠങ്ങളില്‍  മഴത്തുള്ളികള്‍ വീഴാതെ ഒരു വാകമരം 
കുട നിവര്‍ത്തി നില്‍ക്കുന്നു.
ഏതോ ഒരു ഇലക്കുമ്പിളില്‍ നിന്നും ഒരു മഴത്തുള്ളി 
എന്‍റെ നെറുകയില്‍ വീണു. 
മനസ്സിലാരോ സ്പര്‍ശിക്കുന്നത് പോലെ,
ഒരു പക്ഷെ അവളുടെ നനുത്ത കൈകളാകാം....


ക്യാമ്പസ്സില്‍ മഴ നിറയുകയായിരുന്നു...
ചുറ്റും കാല്‍പ്പാടുകള്‍ വീഴ്ത്തി ഞാന്‍ ക്യാമ്പസ്സിലൂടെ നടന്നു...
പിന്നിലെ കാല്‍പ്പാടുകളെ മഴ മായ്ച്ചു കൊണ്ടിരുന്നു...

എന്‍റെ ഓര്‍മയിലെ മഴ ഇന്നലെയിലെ പ്രണയം ആയിരുന്നു...... 
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു എന്‍റെ ദുഃഖങ്ങളും..

ഇടനാഴിയും ജനാലയും ഗോവണിയുമെല്ലാം കഴിഞ്ഞ

മഴക്കാലത്തോടൊപ്പം ഇന്നലെകളിലെ മുഖങ്ങളെയും 

മറന്നു പോകുന്നു..

എങ്കിലും മഴക്കാല പ്രണയങ്ങളെല്ലാം കാമ്പസ്സിന്‍റെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങിയതാണ്.....

കാമ്പസ്സ് പുസ്തകത്തിന്‍റെ ഓര്‍മത്താളുകളില്‍

ഒരു  മയില്‍പ്പീലി തണ്ട് പോലെ ഓരോ പ്രണയങ്ങളും....


കാമ്പസ്സ്!!!

പുതിയ നനവിനായി കാതോര്‍ത്തിരിക്കുകയാണ്...

പഴയ കാല്‍പ്പാടുകള്‍ മായിച്ച് പുതിയവയ്ക്കായുള്ള 

നീണ്ട കാത്തിരിപ്പ്‌..


ഏതാനും ദിവസങ്ങള്‍ക്ക് ശേഷം എന്നില്‍ ഈ കാമ്പസ്സും  മഴയും 
ഇടനാഴിയും ഗൃഹാതുരത്വമായി അവശേഷിക്കും....
മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞ ഓരോ മുഖങ്ങളും 

ഇന്നലെയിലെ  മഴയെന്നതുപോലെ  അവ്യക്തമാകും..

പെട്ടെന്ന്‍ എവിടെയോ ഒരുഇടിമുഴക്കം കേട്ടു. 
മഴ തോര്‍ന്നിട്ടുണ്ടായിരുന്നു... 
ഞാന്‍ പുറത്തേക്ക് നടന്നു.  
A²  നേയും  D² നേയും കണ്ടപ്പോള്‍
നിര്‍വികാരനായി ഞാന്‍ കയ്യുയര്‍ത്തിക്കാട്ടി..

നാളെ, 
ഒരു മുത്തശ്ശിക്കഥ പോലെ നമുക്ക് പറഞ്ഞു തുടങ്ങാം... 
കെ. വി. വി. എസ്സ്
ക്യാമ്പസ്സില്‍ ഞാനും പഠിച്ചിരുന്നു...
ഞാന്‍ ആദ്യമായി ചെന്ന ദിവസം മഴ പെയ്യുന്നുണ്ടായിരുന്നു.... 


                                           ഷംനാദ് സൈബീരിയ......
 
ηєνєя ѕнυт yσυя ωιη∂σωѕ ωнєη ιт яαιηѕ...


(എന്‍റെ ഓര്‍മ്മക്കുറിപ്പില്‍ നിന്നും...  
5 വര്‍ഷം മുന്‍പ് ഞാന്‍ പഠിച്ചിരുന്ന കോളേജിനെക്കുറിച്ച്  

അധ്യയന അവസാനം മാഗസിന് വേണ്ടി  എഴുതിയത്)

എന്‍റെ കോളേജ്





                      


  

നീല കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി....



















 
 
 
 
ക്യാമ്പസ്സില്‍ ഞാന്‍ ആദ്യം എത്തിയത് മഴ നനഞ്ഞാണ്....
നീല കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി എനിക്ക് പിന്നാലെ
കുടയും പിടിച്ചു നടക്കുന്നുണ്ടായിരുന്നു....
അറിയാതെ തിരിഞ്ഞു നോക്കിയത് സഹതാപം
നിറഞ്ഞ ആ കണ്ണുകളിലെക്കാണ്.
ഇന്ന്, അവള്‍ എന്‍റെ പ്രണയിനി ആണ്.
ഇതേ മഴ തന്നെയാണ് അവളെ എനിക്ക് സമ്മാനിച്ചത്.
അതുകൊണ്ട് അവളെപ്പോലെ മഴയോടും
എനിക്ക് പ്രണയം ആണ്....
 
 
 

ഒരു പക്ഷെ അവളാകാം....


മഴ..... മഴ മാത്രം...
മനസ്സ് തണുത്തു....
മഴ നനയുമ്പോള്‍ മനസ്സിലാരോ സ്പര്‍ശിക്കുന്നത് പോലെ....

ആരുടെയോ നനുത്ത കൈകള്‍....
ഒരു പക്ഷെ അവളാകാം....
ഒരിക്കല്‍ എന്‍റെതായി തീരേണ്ടവള്‍!
അവള്‍ എനിക്കായി കാത്തിരിക്കുന്നുണ്ടാകാം...
ഞാനും...























Wednesday 5 October 2011

ഓര്‍മയിലെ മഴ....
















 മഴ പലപ്പോഴും ഓരോ ഓര്‍മപ്പെടുത്തലുകളാണ്....
ഗൃഹാതുരതമാര്‍ന്ന കുട്ടിക്കാലവും!

മിഴിനീര്‍ നനഞ്ഞ ഫ്രെയിമും!

മനസ്സില്‍ പതിഞ്ഞ കുറെ കുസൃതികളും!

നിറഞ്ഞ ഓര്‍മകളുടെ വസന്തം.....


ഓരോ മഴയിലും പ്രണയമുണ്ട്.... 

നമ്മളും ഓര്‍മകളും ഉണ്ട്....


ഇന്ന് സായാഹ്നത്തിലും ഞാന്‍ മഴയെ പ്രതീക്ഷിക്കുന്നു....
ഇന്നലെയിലെ മഴ കുറെ നല്ല നിമിഷങ്ങള്‍ നല്‍കി 
പറയാതെ പോയി....
മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞ ഓരോ നനുത്ത മഴത്തുള്ളിയും
ഇന്നലെയിലെ ഓര്‍മകളെ മടക്കിത്തന്നു.....
എന്‍റെ കുട്ടിക്കാലവും കലാലയ ജീവിതവും തിരിച്ചു തന്നു
ഈ പെയ്യുന്ന മഴ കുറെ ഓര്‍മപ്പെടുത്തലുകളാണ്....
മനസ്സില്‍ പതിഞ്ഞ കുറെ സൗഹൃദങ്ങളുടെ 
ഗൃഹാതുരമായ ഓര്‍മ.... 



Tuesday 4 October 2011

എന്‍റെ ബാല്യകാലം....






 









എനിക്കും ഉണ്ടായിരുന്നു ഒരു ബാല്യകാലം 
എല്ലാവരെയും പോലെ....
കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാ മനസ്സും അറിയാതെ ഒരു പുഞ്ചിരിക്കാറുണ്ട്.
എന്ത് രസമായിരുന്നു ആ കാലം....
ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കാലത്തിലേക്ക് ഒന്ന് മടങ്ങി പോകാന്‍ മനസ്സ് ആഗ്രഹിക്കുന്നു....
എന്‍റെ കുട്ടിക്കാലത്ത് മഴ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു.
മഴ തോര്‍ന്നു കഴിയുമ്പോള്‍ കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ബാല്യം.
അന്ന് ഞങ്ങ
ള്‍ കുറെ കുട്ടികള്‍ ഉണ്ടായിരുന്നു.
വെള്ളത്തിലെ കളിയും കഴിഞ്ഞു ആകെ നനഞ്ഞു ചെളിയും പുരണ്ടു വീട്ടില്ലെത്തി
തല്ലു വാങ്ങുന്നതി
ന്‍റെ ആ ബാല്യം.... 

 
















മഴ വളരെ ഇഷ്ടമായിരുന്നു അന്ന് എനിക്ക്....
എന്നും മഴ പെയ്യണെ എന്നാണ് പ്രാര്‍ത്ഥന....
എന്തിനാണ് എന്നറിയണ്ടേ????
മഴ വെള്ളത്തില്‍ കൂട്ടുകാരുമൊത്ത് കളിയ്ക്കാന്‍....

മഴ പെയ്തു കഴിഞ്ഞു മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വീണു കിടക്കുന്ന മാങ്ങയ്ക്കായി
മത്സരിച്ച ആ പഴയ ബാല്യം....
ഒന്നോ രണ്ടോ മാങ്ങകള്‍ കാണും, ഞങ്ങള്‍ കുറെ കുട്ടികളും.
അപ്പൊ പിന്നെ പറയേണ്ടല്ലോ. മാങ്ങയ്ക്കായി അടിപിടി തന്നെ....
എങ്കിലും ഞങ്ങള്‍ എല്ലാരും വിട്ടു പിരിയാനാവാത്ത കൂടുകാര്‍ ആയിരുന്നു കേട്ടോ....
അന്ന് കുറച്ചു പെണ്‍കുട്ടികളും ഞങ്ങടെ കൂട്ടത്തില്‍ ഉണ്ട്.
അന്നും പെണ്‍കുട്ടികളുടെ മുന്‍പില്‍ വല്യ ആളാവാനായി കാണിക്കുന്ന ഓരോരോ വികൃതികള്‍....
അതിനോക്കെയാ ഈ മാങ്ങപ്പോരും എല്ലാം....
അന്ന് സ്കൂള്‍ വിട്ടു വരുമ്പോ കാണിക്കുന്ന ഓരോ രസങ്ങള്‍.
ചിലപ്പോളൊക്കെ വൈകുന്നേരങ്ങളില്‍ പഠിത്തം കഴിഞ്ഞു മടങ്ങുമ്പോള്‍ മാങ്ങാ എറിയലരുന്നു പ്രധാന പണി...
മാങ്ങാ കണ്ടാല്‍ കല്ലെടുക്കാന്‍ തോന്നുന്ന ബാല്യം.!!!
എല്ലാം നിറഞ്ഞതായിരുന്നു എന്‍റെ ബാല്യകാലം.....



  











കുട്ടിക്കാലത്ത് എനിക്കൊരു കളിക്കുട്ടുകാരി ഉണ്ടായിരുന്നു കേട്ടോ!!!
എല്ലാ കാര്യത്തിനും അവളെനിക്കു സപ്പോര്‍ട്ട് ചെയ്യുമായിരുന്നു....
ഞാനും അവളും കുറെ കൂട്ടുകാരും എല്ലാരും ഒരുമിച്ചാരുന്നു സാറ്റ് കളിയും എല്ലാം....
അതൊക്കെ ഇപ്പൊ ഓര്‍ക്കുമ്പോ ഞാനൊരു കുട്ടിയായത് പോലെ എനിക്ക് തോന്നുന്നു....
ഞാനും അവളും ഓടിക്കളിച്ചിരുന്ന ആ പാടവരമ്പും എല്ലാം! മനസ്സിലേക്ക് ഓടിയെത്തുന്നു....

അന്ന് പാടവരമ്പത്തെ വെള്ളത്തില്‍ മീന്‍ പിടിച്ചു നടന്ന കാലം....
ചെറിയ തോര്‍ത്ത് മുണ്ട് വെച്ചാരുന്നു മീന്‍ പിടിത്തം.....
പറയാന്‍ ഇപ്പൊ ലേശം ലജ്ജ തോന്നുന്നു....
മീന്‍ പിടിച്ചു കഴിഞ്ഞാ പിന്നെ ചെറിയ കവറില്‍ വെള്ളം നിറയ്ക്കും.
പിന്നെ മീനെ അതിലാക്കും.... വളരെ ചെറിയ മീന്‍ ആണ് കേട്ടോ.....
ഞങ്ങടെ കവര്‍ അക്ക്വേറിയം രണ്ടു ദിവസം വരെയേ കാണു.
രണ്ടു ദിവസം കഴിഞ്ഞാ മീന്‍ ഒക്കെ ചത്തു പോകും.....
എന്താ കാരണം എന്ന് ഞങ്ങള്‍ക്ക് അന്നൊന്നും പിടി കിട്ടിയിരുന്നില്ല....

ഞങ്ങളുടെ നാട്ടില്‍ ഒരു ചെറിയ പുഴയോക്കെ ഉണ്ട്.....
അന്ന് പുഴയുടെ കരയിലിരുന്നു കുറെ കല്ല്‌ പറക്കി പുഴയിലെറിഞ്ഞു കളിയാരുന്നു ചിലപ്പോളൊക്കെ.
സായാഹ്നങ്ങളില്‍ ആരുന്നു മിക്കവാറും ആ തമാശകള്‍....

കല്ലുകള്‍ എറിയുമ്പോള്‍ ഉണ്ടാകുന്ന ഓളങ്ങള്‍ നോക്കി രസിച്ചിരുന്ന ആ ബാല്യകാലം....























കുസൃതികള്‍ നിറഞ്ഞ കുട്ടിക്കാലം കുറെ സ്വപ്നങ്ങളും സമ്മാനിച്ചിട്ടുണ്ട്....
സ്കൂളിലെ വിശേഷങ്ങള്‍ പറയാനാണെങ്കില്‍ കുറെ ഉണ്ട്....
എന്തൊരു രസമായിരുന്നു അന്നൊക്കെ....
സത്യം പറഞ്ഞ കൂട്ടുകാരോടൊപ്പം കളിക്കാനായിരുന്നു എന്നും സ്കൂളില്‍ പോയിരുന്നത്....
ഞാന്‍ എന്നും സ്കൂളില്‍ പോകും. അന്നൊക്കെ മിട്ടായി വലിയ ഇഷ്ടാരുന്നു....
അന്ന് രണ്ടു രൂപയ്ക്കു ഒരു കവര്‍ നിറയെ മിട്ടായി കിട്ടും....
അത് മിക്കവാറും ഞാന്‍ വാങ്ങും....
കൂട്ടുകാര്‍ക്കു എല്ലാം കൊടുക്കും....
അതൊക്കെ ഒരു സന്തോഷമുള്ള കാര്യമാരുന്നു....

അന്ന് കണക്കു മാഷി
ന്‍റെ ക്ലാസ്സ്‌ ആയിരുന്നു ഞങ്ങള്‍ക്ക് പേടി സ്വപ്നം....
കാരണം പറയാതെ അറിയാല്ലോ.... മാഷ് നല്ലോണം തല്ലും....
എല്ലാര്‍ക്കും നല്ല പോലെ തല്ലു കിട്ടിട്ടുണ്ട്.
ഞാനും തല്ലു വാങ്ങാന്‍ ഒട്ടും മോശമല്ലായിരുന്നു....
മാഷി
ന്‍റെ ചില ചോദ്യങ്ങള്‍ കുഴക്കാറുണ്ട്.....
തല്ലി
ന്‍റെ കാര്യം പറഞ്ഞല്ലോ....
വടി കൊണ്ട് മാത്രമല്ല. മാഷിന്റെ കയ്യില്‍ ചെറിയൊരു ടൂള്‍ ഉണ്ട്.
അത് വെച്ചാ തട്ട്. നമ്മള്‍ ഗോലി കളിച്ചു തോല്‍ക്കുമ്പോള്‍ മുട്ട് വാങ്ങാന്‍ കൈവിരല്‍ മടക്കി വെക്കാറില്ലേ . അതേപോലെ മടക്കി വെച്ചിട്ട് വിരല്‍ മുട്ടിനിട്ടു ടൂള്‍ വെച്ച് തട്ടും.
കണ്ണില്‍ പൊന്നീച്ച പറക്കും...
മാഷ് സമ്മാനിച്ച ഒരു തട്ടി
ന്‍റെ പാട് മായാതെ ഇപ്പോളും വിരല്‍ മുട്ടിലുണ്ട്....
ഒരു മുറിഞ്ഞു ഉണങ്ങിയ പാട്....

 ഇതൊക്കെ കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്‍റെ മറക്കാനാവാത്ത ഓര്‍മ്മകള്‍ ആണ്....
ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്‍റെ ബാല്യ കാലം....

 















കുറെ കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും എനിക്ക് ചില പരിഭവങ്ങളൊക്കെ ഉണ്ടായിരുന്നു....
വളരെ അവിചാരിതമായാണ് എനിക്ക് ഒരു കളിക്കൂട്ടുകാരിയെ കിട്ടിയത്....
കൂട്ടത്തില്‍ കളിക്കുമ്പോള്‍ അവളെന്നെ ശ്രദ്ധിക്കാറുണ്ട് എന്നെനിക്കു അറിയാമായിരുന്നു....
എങ്കിലും ഞാന്‍ ഒന്നും കാണുന്നില്ല എന്ന മട്ടില്‍ പെരുമാറി....
സത്യത്തില്‍ എന്‍റെ ഒരു കണ്ണ് എപ്പോളും അവളിലാരുന്നു, അവളറിയാതെ....
ഒളിച്ചു കളിക്കുമ്പോ ഞാന്‍ അറിഞ്ഞു കൊണ്ട് അവള്‍ക്കു വേണ്ടി തോറ്റു കൊടുക്കാറുണ്ട്....
എന്തിനായിരിക്കാം ഞാന്‍ അങ്ങനെ ചെയ്തത്....
എനിക്കറിയില്ല.!!!

അവളും മോശക്കാരിയല്ല, ഞാന്‍ തോല്‍ക്കാന്‍ അവളും സമ്മതിക്കില്ല....
അങ്ങനെ വളരെ രസകരമായ മനസ്സ് നിറഞ്ഞ കുറെ ഓര്‍മ്മകള്‍....

ഈ ഒളിച്ചുകളി കുറെ നാള്‍ തുടര്‍ന്നു....
ഇതിനൊരു മാറ്റം വരാന്‍ എനിക്ക് ഒന്ന് വീഴേണ്ടി വന്നു....
അന്ന് എന്‍റെ കാല് കുറച്ചു മുറിഞ്ഞു രക്തം വന്നു....
എന്‍റെ അരികില്‍ എല്ലാര്‍ക്കുമൊപ്പം അവളും ഉണ്ടായിരുന്നു....

ആ കുഞ്ഞു മനസ്സ് പിടയുന്നത് ഞാന്‍ നേരില്‍ കണ്ടു.
അത് എനിക്കും വിഷമമുണ്ടാക്കി....
പിന്നെ രണ്ടു ദിവസം ഞാന്‍ കളിയ്ക്കാന്‍ ഉണ്ടായിരുന്നില്ല....
രണ്ടു കുരുന്നു മനസ്സ് പരസ്പരം അറിയാതെ വേദനിച്ചു....
അവളോട്‌ ഞാന്‍ എല്ലാം തുറന്നു പറഞ്ഞു.
പിന്നെ അവളോട്‌ ഞാന്‍ കൂടുതല്‍ അടുത്തു....

എനിക്ക്, എനിക്ക് മാത്രമായി ഒരു കളിക്കൂട്ടുകാരിയെ കിട്ടി....


 














പിന്നെ ഓരോ മഴയിലും അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നു....
ഞങ്ങള്‍ ഓടിക്കളിച്ചു നടന്ന ആ കാലം ഓര്‍മയുടെ ക്യാന്‍വാസില്‍ ഒട്ടും മങ്ങാതെ ഉണ്ട്....
അന്ന് വീടിന്റെ താഴെ നിറയെ പുഞ്ച പാടങ്ങള്‍ ആയിരുന്നു....
നെല്‍ചെടികള്‍ നിറഞ്ഞ പാടം....
ഞങ്ങള്‍ ഓടിക്കളിച്ചിരുന്ന പാടവരമ്പുകള്‍ എല്ലാം കാന്‍വാസില്‍ മായാതെ ഉണ്ട്....
ആ കുട്ടിക്കാലം ഇനി തിരിച്ചു കിട്ടില്ല.

കളിക്കൂട്ടുകാരിയുടെ കയ്യും പിടിച്ചു കളിച്ചു നടന്ന ആ പഴയ കാലം....
ദിവസവും പെയ്യുന്ന ചാറ്റല്‍മഴ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു....
പുഴവക്കത്തു തണുത്ത കാറ്റു കൊണ്ട് സൊറ പറഞ്ഞിരുന്ന ആ കുട്ടിക്കാലം ഫ്രെയിമില്‍ നിന്ന് മായില്ല....
ഇന്ന് വര്‍ഷങ്ങള്‍ കുറെ കടന്നു പോയപ്പോള്‍ ഞങ്ങള്‍ മാത്രം വളര്‍ന്നു....
ആ പാടവരമ്പും പുഴയും ചാറ്റല്‍ മഴയും പിന്നെയും പിന്നെയും
ഗൃഹാതുരത പോലെ അവിടെ തന്നെ ഉണ്ട്....

പക്ഷെ മറക്കാനാവാത്ത കുറെ ഓര്‍മകളും കുസൃതികളും ബാക്കിയാകുന്നു....

ഓര്‍മകളുടെ ഈ ബാല്യ കാലം ഇനിയും തീര്‍ന്നിട്ടില്ല....
ഓരോ പകലിലും രാത്രിയിലും ഇവ വീണ്ടും എന്നില്‍ അയവിട്ടിക്കൊണ്ടിരിക്കും.....


ബാക്കിവെച്ച ഓര്‍മ്മകള്‍....



















ആ പഴയ മഴക്കാലം...














 
 
ജൂണ്‍ 1
പുതിയൊരു അധ്യയന വര്‍ഷം ഇവിടെ തുടങ്ങുന്നു...
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ മഴക്കാലത്താണ് ഞാനും 
ആദ്യമായി സ്കൂളിലേക്ക് പോയത്..
പുത്തന്‍റെ മണം മാറാത്ത ബാഗും  പുത്തനുടുടുപ്പും കുടയും ചൂടി
മഴയും നനഞ്ഞു സ്കൂള്‍ വരാന്തയിലേക്ക്‌ ആദ്യമായി കയറിയത്...
ഇന്ന് ഇവിടെ പുറത്തു മഴ പെയ്യുമ്പോള്‍ എല്ലാം ഒരു ഓര്‍മപുസ്തകം പോലെ
മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു...