Saturday, 4 May 2013

മടക്കയാത്ര;

പുതിയ താഴ്വരകള്‍ തേടി മടങ്ങുന്നു..
തിരിച്ചറിയാതെ പോയ പ്രണയത്തിന്
നീ മാപ്പുസാക്ഷി..

ഈ ശിശിരം മറ്റൊന്നും എനിക്ക് സമ്മാനിക്കുന്നില്ല..
എന്‍റെ ജീര്‍ണതകളെ ദഹിപ്പിച്ച അഗ്നിയുടെ ചൂട്
നെഞ്ചിലിപ്പോഴും ബാക്കി..
നിശബ്ദതമായ ഒരു വികാരം മനസ്സിലെവിടെയോ
അലയുന്നുണ്ട്.
ചിതലരിച്ച താളുകള്‍ മായ്ച്ചുകളഞ്ഞത്
ഒരിക്കലും മറക്കില്ലെന്ന് മനസ്സില്‍ കരുതിയ
ഓര്‍മകളെ ആണ്.
കൈവെള്ളയിലെ നേര്‍ത്ത ചൂടില്‍ മുഖമൊളിപ്പിച്ചു
കുറച്ചു നേരം എന്തിനെന്നറിയില്ല;
ചുംബനം മടുത്ത ചുണ്ടുകള്‍ നിന്‍റെ മുഖത്തെ തേടുന്നത്
എന്തിനെന്നറിയില്ല;
സിരകളെ തണുപ്പിക്കാനെത്തുന്ന മരണമെന്നെ
തേടുന്നുവെന്നുമറിയില്ല;
മിഴികളില്‍ പതിഞ്ഞു പോയ നിന്‍റെ കറുപ്പ് നിറത്തിന്‍റെ അഴക്‌ മാത്രം
ഇനിയും ബാക്കി.
കാത്തു നില്‍ക്കുന്നില്ല..
കാഴ്ചകള്‍ അവസാനിക്കുന്നില്ല..
പുതിയ താഴ്വരകള്‍ തേടി മടങ്ങുന്നു..!!!

യാത്ര


Wednesday, 2 January 2013

ജിബ്രാനും സിയാദയും..



ഞാന്‍ ജിബ്രാന്‍!
നീ മെയ്‌ സിയാദയും.
നമ്മള്‍ പരസ്പരം ഇതേവരെ
കണ്ടുമുട്ടാത്തവര്‍;
പക്ഷെ ആത്മാവിനെ പരസ്പരം
തൊട്ടറിഞ്ഞവര്‍;
നമുക്കിടയിലെ ഈ ദൂരം
നമ്മളറിയുന്നില്ല,
തൂലികകള്‍
നമുക്കായി സംസാരിക്കുന്നു..

നിന്‍റെ വാക്കുകളിലെ പ്രണയം
എന്‍റെ സിരകളില്‍
ഉന്മാദം ഉണര്‍ത്തുന്നു..
നിന്നോട് പറയാനുള്ളതൊക്കെയും
ഞാന്‍ നിനക്ക് സമ്മാനിച്ച
കിനാക്കളായിരുന്നു..
നമുക്ക്‌ ചുറ്റും മേഘങ്ങളും
നക്ഷത്രങ്ങളും മാത്രം... !!!

പ്രീയ മെയ്‌,
ഞാന്‍ ചോദിച്ചു കൊള്ളട്ടെ..
പരസ്പരം കാണാതെ
തൊട്ടറിയാതെ
ഇത്രയും സ്നേഹിക്കാന്‍
നമുക്കെങ്ങനെ കഴിയുന്നു..
ഈ രാത്രി എന്നെ പോലെ
നിനക്കും പ്രീയപ്പെട്ടതാണ്
എന്ന് ഞാന്‍ കരുതുന്നു..

ഇവിടെ മഞ്ഞുശകലങ്ങള്‍
എന്നിലേക്ക്‌ പെയ്തിറങ്ങുകയാണ്.
അവയെന്നെ തണുപ്പിക്കുന്നത്
ഞാന്‍ അറിയുന്നതേ ഇല്ല..
നിന്‍റെ വാക്കുകളിലെ
ചൂടില്‍ അലിഞ്ഞലിഞ്ഞ്
അവ ഒരു അരുവിയായി ഒഴുകുന്നു..
അതില്‍ നിറയെ ഞാന്‍
നിനക്കായി കരുതിവെച്ച
സ്നേഹം ഒളിപ്പിക്കുന്നു.
ഒഴുകി ഒഴുകി ഒരിക്കല്‍
അവ നിന്നില്‍ വന്നു ചേരും..

പ്രീയ മെയ്‌..
ഘടികാര സൂചികളുടെ
നേര്‍ത്ത ശബ്ദം
നീ കേള്‍ക്കുന്നുവോ.
അതിന്‍റെ താളത്തില്‍
നിന്‍റെ ഹൃദയത്തുടിപ്പ്‌
ഞാന്‍ അറിയുന്നു..
ഒരിക്കലും കാണാതെ
ഹൃദയങ്ങള്‍ മാത്രം തൊട്ടറിഞ്ഞു
നമുക്ക്‌ പ്രണയിക്കാം.. !!!





മനസ്സ്


ഒരു കാറ്റിലും അണയാത്ത അഗ്നി
മനസ്സില്‍ ഉള്ളപ്പോള്‍
ഇളം കാറ്റിനെ ഞാന്‍
പലപ്പോഴും
അറിയാതെ പോകുന്നു.
സ്നേഹത്തിന്‍റെ ഒരു നേര്‍ത്ത നൂലിഴ
ഹൃദയത്തില്‍ പിണഞ്ഞു കിടക്കുകയാണ്.
ആ നൂലിഴയില്‍ കുറെ മനസ്സുകളുണ്ട്;
എന്നെ സ്നേഹിക്കുന്ന മനസ്സുകള്‍..




കാത്യ..


അങ്ങകലെ ആ താഴ്വരയിലേക്ക് ഞാന്‍ മടങ്ങുന്നു..
കാറ്റിന്‍റെ സംഗീതവും തണുപ്പിന്‍റെ ആവരണവും

ചാറ്റല്‍മഴയുടെ കിന്നാരവും പേറി ഞാന്‍ മടങ്ങുന്നു..
പീച്ചും ആപ്പിള്‍ മരങ്ങളും ഈ അതി ശൈത്യത്തെ
തഴുകി ഇടയ്ക്കിടെ വീശുന്ന കാറ്റില്‍
മഞ്ഞു ശകലങ്ങളെ പൊഴിക്കുന്നുണ്ട്..

താഴ്വരയ്ക്ക് താഴെ എനിക്കൊരു വീടുണ്ട്..
അവിടെ എനിക്കായി ഒരു സുന്ദരി കാത്തിരിപ്പുണ്ട്
അവള്‍ കാത്യ..!!!!

മഞ്ഞു പൊഴിയുന്ന ഒരു പകലില്‍
പാതയോരത്ത്‌ തണുത്തുമരവിച്ച എനിക്ക്
അഭയം തന്നവള്‍...
വിളറി വെളുത്ത എന്‍റെ മുഖത്ത് ചൂടേകിയവള്‍..
കരുതിവെച്ചിരുന്ന സ്നേഹം മുഴുവന്‍
എനിക്കായി പകുത്തു നല്കിയവള്‍...

അവള്‍ നല്‍കിയ ചൂട് കാപ്പി വലിച്ചു കുടിച്ചപ്പോളും
ഉള്ളില്‍ സിരകളെ മരവിപ്പിച്ച തണുപ്പിന്‍റെ
കൈകള്‍ അകന്നപ്പോഴും ഞാന്‍ ശ്രദ്ധിച്ചത്
അവളുടെ കുഞ്ഞു മുഖത്തെ ആ തെളിച്ചമായിരുന്നു...
മഞ്ഞുശകലങ്ങള്‍ അവളുടെ മുഖത്തെ
എന്‍റെ കാഴ്ച്ചയില്‍ നിന്ന് മറയ്ക്കാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു.
..
ഇടയ്ക്കിടെ ആ മുഖം എന്നെ നോക്കി
മന്ദഹസിക്കുമായിരുന്നു..

തണുപ്പകന്നപ്പോള്‍ അവള്‍ പുതപ്പിച്ച കമ്പിളി
പുതപ്പിന്‍റെ ചൂടില്‍ മയങ്ങുമ്പോള്‍ മനസ്സിലാകെ
ആ മുഖമായിരുന്നു..
കാത്യ......
ഇവള്‍ എന്‍റെ മാത്രം മഞ്ഞുപെണ്ണ്...!!!






മഴയാത്ര


മഴ പെയ്തൊഴിയാതെ യാത്രയില്‍
എന്നോടൊപ്പം ഉണ്ടായിരുന്നു....
ഫ്രെയിമിലൂടെ ഞാന്‍ മഴ കാണുകയായിരുന്നു....
ഓരോ മഴയും എനിക്ക് നല്‍കുന്നത്
മറക്കാനാവാത്ത കുറെ ഓര്‍മകളാണ്..
ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍..

മഴ നനയുമ്പോള്‍ മനസ്സില്‍ അറിയാതെ
പ്രണയം ജനിക്കുന്നു....
മഴയോടും.....
എന്നോടൊപ്പം മഴ നനയുന്ന
നീല കണ്ണുകള്‍ ഉള്ള പെണ്‍കുട്ടിയോടും....





ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്..


നീയെന്ന സത്യവും ഞാനെന്ന മിഥ്യയും
ഇനിയും ഒന്ന് ചേരാതിരിക്കട്ടെ;
മരം കോച്ചുന്ന ഈ തണുപ്പത്ത് കൈകാലുകള്‍ മൂടി
ഞാനൊന്നുറങ്ങുന്നു..
ഒരിക്കലും ഉണരാത്ത ഉറക്കത്തില്‍
ലയിച്ചു ചേരാന്‍...





Thursday, 8 November 2012

എന്‍റെ സ്നേഹം..


എന്‍റെ സ്നേഹം എന്താണ് എന്ന് ഒരിക്കല്‍ നീ
എന്നോട് ചോദിക്കും..
അപ്പോള്‍ ഞാന്‍ പറയും !!!...

"നിന്‍റെ മനസ്സില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച എന്‍റെ മനസ്സാണെന്ന്..."




എന്നെ എനിക്ക് നഷ്ടമാകുന്നു..


എന്‍റെ വിശ്വാസത്തിനപ്പുറം നിനക്ക് നി
ന്‍റെ
തായ താഴ്വരകളും
തടാകങ്ങളും കലപില കൂട്ടുന്ന പക്ഷികളും വെളിച്ചവും ഉണ്ട്..
ഓരോ വസന്തങ്ങളും കാത്തിരുന്നു വെറുതെ ആകുമ്പോള്‍
ആരോ ഒരാള്‍ നിന്നോട് നിന്നെ കുറിച്ച് സംസാരിക്കും..
നീ എന്ന സത്യത്തെ..
ഞാന്‍ തിരിച്ചറിയാതെ പോയ കപടതയെ..


നീ എന്നില്‍ നിന്നും കട്ടെടുത്ത സ്നേഹത്തെ..
അതെന്‍റെ വിശ്വാസമായിരുന്നു..!
ഞാന്‍ കരുതിവെച്ച വസന്തം.
ഈ തണുപ്പ് കാലത്തില്‍ സിരകളോട് പിണങ്ങാതെ
നിണങ്ങള്‍ എനിക്ക് ചൂട് പകരുന്നു..
ഞാനറിയാതെ എന്നെ എനിക്ക് നഷ്ടമാകുന്നു..
ഇന്നലെകളില്‍ നമ്മള്‍,
ഇന്നില്‍ ഞാന്‍,
നാളെ നീ മാത്രം...




















തിരിച്ചു കിട്ടാത്തൊരാ കളിചിരി ബാല്യം..


ഓര്‍മ്മകള്‍ കുറെ പുറകോട്ടു പോയപ്പോള്‍
നമ്മള്‍ പങ്കുവെച്ച ബാല്യവും കൗമാരവും
കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും
എല്ലാം ഒരു ഗൃഹാതുരത്വം പോലെ മനസ്സിലെവിടെയോ
ഒരു വിങ്ങലായി അവശേഷിക്കുന്നു...







തിരിച്ചു കിട്ടാത്തൊരാ കളിചിരി ബാല്യവും

ഇനിയും മറവിക്ക് പിടികൊടുക്കാത്ത
കുറെ നല്ല ഓര്‍മകളും മാത്രം,
കൂട്ടായി എനിക്ക്...