Tuesday, 21 February 2012

ഭ്രാന്തന്‍ ചിന്തകള്‍..


പ്രണയത്തിന്‍റെ നിഗൂഡതകള്‍ തേടിയുള്ള

അവന്‍റെ യാത്ര ചിന്തകളില്‍ നേരിയ ചലനം സൃഷ്ടിച്ചു..
ഇന്നലെകളില്‍ വരെ അവന്‍റെ മനസ്സിനെ സ്പര്‍ശിച്ച
അവള്‍, നാളേയും.!!!

"നിറഞ്ഞ സൗഹൃദം ഒരു മന്ദഹാസത്തില്‍ ഒതുക്കാന്‍
പരിശ്രമിച്ചവന്‍റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല..
പക്ഷെ അവന്‍ മനസ്സിലാക്കി,
പ്രണയത്തിന്‍റെ പരിശുദ്ധത വിശ്വാസത്തിലാണെന്ന്.."

ഇവിടെ നഷ്ടങ്ങള്‍ അവനു മാത്രം...
പ്രണയം ആവോളം നുകര്‍ന്ന അവന്‍റെ മിഴികളില്‍ ഇപ്പോള്‍
ഒരു നിര്‍വികാരത മാത്രം!

മറ്റുള്ളവര്‍ക്ക് അവനൊരു ഭ്രാന്തന്‍ മാത്രം..
അവന്‍റെ ചിന്തകള്‍ക്ക് അഗ്നിയുടെ വീര്യം ഉണ്ട് എന്ന് 
ആരും തിരിച്ചറിയുന്നില്ല..

ഇരുണ്ട മുറിയില്‍ ചങ്ങലകളില്‍ ജീവിതം തുടരുന്ന
അവന്‍ ഇടയ്ക്കിടെ അലറിയിരുന്നു..
സ്വാതന്ത്രം ഇല്ലാത്തവന്‍റെ വേദന അവന്‍ പങ്കുവെക്കുകയായിരുന്നു..
സ്വാന്തനിപ്പിക്കാന്‍ ഒരിക്കല്‍ അവള്‍ തിരികെ വരുമെന്ന് അവന്‍
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കണം, കാരണം
ഇടയ്ക്കിടെ അവന്‍ അറിയാതെ മന്ദഹസിക്കുമായിരുന്നു..

ഭ്രാന്തന്‍റെ വേഷം അവനു കല്‍പ്പിച്ചു നല്‍കിയ അവള്‍
പോലും അറിഞ്ഞിരിക്കില്ല അവന്‍റെ ആത്മാവ് ഒരിക്കലും
അവളെ വിട്ടുപിരിയില്ല എന്ന്...
ഒരിക്കല്‍ അവനു മനസ്സ് നഷ്ടപ്പെടും, ശരീരം നഷ്ടപ്പെടും
ആത്മാവ് മാത്രം അവളെ തേടിപ്പോകും....






















Tuesday, 10 January 2012

വിശപ്പിന്‍റെ ബാല്യം..
















വിശന്നു വലഞ്ഞു കരഞ്ഞ ബാല്യത്തിന്‍റെ
മിഴിനീര്‍ വറ്റിയ കണ്ണുകളില്‍
നിറഞ്ഞത് ചോരയുടെ നിറമായിരുന്നു..
ഒടുവില്‍ ആ ചോരയും വറ്റി..
ജീവന്‍ നിലച്ച ആ ബാല്യത്തെ
കാഴ്ചക്കാരായി ആരെക്കെയോ ഉറ്റുനോക്കി..
ആ കാഴ്ചകളില്‍ ഹൃദയം പൊട്ടുമായിരിക്കാം..
കണ്ണ് നിറയുമായിരിക്കാം ...
കാഴ്ചകള്‍ക്കിടയില്‍ നിന്നൊരു മിഴിനീര്‍
ബാല്യത്തിന്‍റെ ചുണ്ടുകള്‍ക്ക് ദാഹമകറ്റി..
ശവപ്പറമ്പിലെ ആത്മാക്കള്‍ക്ക് കൂട്ടായി
ഒരു ബാല്യവും കൂടി...


..::സൈബീരിയ::..


Monday, 9 January 2012

എന്‍റെ ലഹരി....


എഴുത്തിന്‍റെ ലഹരി തലയ്ക്കു പിടിച്ചപ്പോള്‍
നിന്‍റെ ഓര്‍മകളായിരുന്നു മനസ്സ്‌ നിറയെ.
ചിന്തകള്‍ക്കപ്പുറത്തെ ഒരു ലോകത്തില്‍
നിന്‍റെ സ്നേഹം ഞാന്‍ അറിയുന്നുണ്ടായിരുന്നു..
വാക്കുകള്‍ക്ക് കനം പിടിച്ച ചില നൊമ്പരങ്ങളും പേറി
തൂലികയുമായി ഞാന്‍...

പകല്‍ പക്ഷിയുടെ തേങ്ങലുകള്‍ വാക്കുകളായി
പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ ബാക്കി വെച്ച നിന്‍റെ
ഓര്‍മകള്‍ക്ക് കൂട് തേടുകയായിരുന്നു ഞാന്‍..
അറിയാതെ മനസ്സില്‍ ഓടിയെത്തിയ ആ മിഴികള്‍,
ആ മിഴികളിലൂടെ നീ എന്നെ കാണുന്നുവെന്ന്
ഞാന്‍ കരുതി...
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ നിനക്ക് പകര്‍ന്നു നല്‍കിയ
മനസ്സിന്‍റെ ലഹരി ഇനിയും അവശേഷിക്കുന്നു.

തൂലിക പിന്നെയും വാക്കുകള്‍ തേടിപോയി...
നിനക്കായി മാത്രം ഞാന്‍ എഴുതാന്‍ ബാക്കിവെച്ച വാക്കുകള്‍...
ചുരത്തിയ മഷികള്‍ പറഞ്ഞത് എന്നിലെ നിന്നെക്കുറിച്ച്.
മഷി കെട്ടുപോയപ്പോള്‍ മുഴുമിപ്പിക്കാത്ത വാക്കുകളുമായി
എന്‍റെ ലഹരി ഇനിയും ബാക്കി...

..:: സൈബീരിയ ::..



Sunday, 18 December 2011

സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി...

നിറമുള്ള ഓര്‍മകള്‍ക്ക്
ഒരു മഴത്തുള്ളിയുടെ ഗന്ധമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു..
അറിയാതെ പോയ പല മുഖങ്ങളും
കാഴ്ചകളില്‍ പിന്നെയും ആരെയോ തിരയുന്നു..
മനസ്സില്‍ പതിഞ്ഞു പോയ ഇന്നലെയിലെ ഓര്‍മകള്‍ക്ക്
നിന്‍റെ മുഖമായിരുന്നു.
ഞാന്‍ എപ്പോഴോ മറക്കാന്‍ കൊതിച്ച നിന്‍റെ മുഖം..

എന്‍റെ ഓര്‍മയിലെ മഴ ഇന്നലെയിലെ
പ്രണയമായിരുന്നു...
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു
എന്‍റെ ദുഃഖങ്ങളും.....

കാഴ്ചകള്‍ അവസാനിക്കുന്നില്ല..
ഇപ്പോള്‍ ഓരോ ഫ്രെയിമുകളിലും മിഴിനീര്‍
കാഴ്ചയെ മറച്ചിരിക്കുന്നു.

പോയ വഴിയിലെവിടെയോ ഒരു തുള്ളി നെറുകയില്‍ വീണു,
ആരോ മറച്ചു വെച്ച സ്നേഹത്തിന്‍റെ ഒരു മഴത്തുള്ളി..





































Tuesday, 6 December 2011

ഗൃഹാതുരമായ ഓര്‍മകള്‍...


ഗൃഹാതുരമായ പല ഓര്‍മകളും മഴയാണ്....
മഴ മാത്രമാണ്..

അങ്ങനെ കുറച്ചു നാളുകള്‍ക്കു ശേഷം ഇന്ന് ഇവിടെ മഴ പെയ്തു..
മഴയെ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായിന്ന് വേണം പറയാന്‍..
മഴ നന്നായി തകര്‍ത്തു പെയ്തു..
അവസാനം ഒരു ചാറ്റലായി ചുരുങ്ങി.
ഇപ്പോള്‍ മഴ തോര്‍ന്നു..
ഓരോ ഇലകളും ഇവിടെ മഴത്തുള്ളികളെ പൊഴിക്കുന്നു....
കെട്ടിക്കിടന്നിരുന്ന മഴ വെള്ളം ഒഴുകി വീഴുന്ന ശബ്ദം എനിക്ക് കേള്‍ക്കാം..
മഴ ഇനിയും പെയ്യണം.
അടുത്ത മഴയ്ക്കായി കാത്തിരിക്കുന്നു....

Monday, 5 December 2011

എന്‍റെ മൗനം.....

ഞാന്‍ എന്ന മൗനം നീ തിരിച്ചറിയുന്നില്ല
നിന്‍റെ മനസ്സില്‍ എനിക്കുള്ളതെന്തോ
അതാണ്‌ നീ എനിക്കായി കരുതിയ സ്നേഹം..
ഓര്‍മകള്‍ക്ക് മീതെ നിര്‍വികാരയായി അലയുന്ന
നിന്‍റെ മനസ്സ് എനിക്ക് തിരിച്ചറിയാം,
പക്ഷെ !!!
നിന്‍റെ കളിചിരികളും സ്നേഹം പൊതിഞ്ഞ വാക്കുകളും
എനിക്ക് തിരിച്ച് വേണം..

 
   

Sunday, 27 November 2011

മിഴിയ്ക്കുള്ളിലെ സ്വപ്നം...


അവള്‍ ഒരു സ്വപ്നമായിരുന്നു...
മിഴിയ്ക്കുള്ളില്‍ പതിവ് തെറ്റിച്ചു വരുന്ന ഒരു സ്വപ്നം...
ആ സ്വപ്നം എന്നും കാണാന്‍ കൊതിച്ച ഒരു മനസ്സായിരുന്നു
എന്റേത് !!!
അവളോട്‌ കൂട്ടികൂടിയും പിണങ്ങിയും എന്‍റെ സ്വപ്നത്തിന്
ജീവന്‍ വെച്ചു.
ഓരോ പിണക്കത്തിന് ശേഷം ഞങ്ങള്‍ പങ്കുവെച്ചത് പ്രണയമായിരുന്നു...
ഞങ്ങളറിയാതെ പ്രണയം എന്ന വിഷം ഞങ്ങളില്‍ ആരോ കുത്തിവെച്ചു.
ആ  വിഷത്തിന് പിരിയാനാവാത്ത വിധം മനസ്സിനെ
അടുപ്പിക്കാന്‍ കഴിഞ്ഞു...

ആ വിഷത്തിന്‍റെ അംശം എനിക്ക് നഷ്ടമായിത്തുടങ്ങിയത്
ഞാന്‍ അറിഞ്ഞിരുന്നില്ല.
ഒരിക്കലും പിരിയില്ല എന്ന് കരുതിയിരുന്ന ആ സ്വപ്നം
എന്നില്‍ നിന്ന് പതുക്കെ അകന്നുപോയി..
പിന്നീട് ആ സ്വപ്നം ഞാന്‍ കണ്ടിട്ടില്ല !!! 
പതിവ് തെറ്റിച്ചു വരുന്ന ആ സ്വപ്നം നഷ്ടമായി എന്ന്
കരുതാന്‍ കഴിയുന്നില്ല..
കാരണമറിയാതെ എന്നില്‍ നിന്നും അകന്നുപോയ
ആ സ്വപ്നത്തിന് മിഴി നിറഞ്ഞ ഒരു നനുത്ത നീര്‍ത്തുള്ളി
കാത്തുവെയ്ക്കുന്നു....

ഓര്‍മ !!!














Saturday, 19 November 2011

നിന്‍റെ മിഴികള്‍ പറയുന്നത്.

















നിന്‍റെ മിഴികള്‍ എന്നോട് സംസാരിക്കുന്നത്
നിന്‍റെ മനസ്സിനെ കുറിച്ചാണ്..
എന്നോട് പറയാതെ നീ മനസ്സില്‍ ഒളിപ്പിച്ചു വെച്ച
ആ സ്വകാര്യം....
അത് കേള്‍ക്കാന്‍ കൊതിച്ച ഒരു മനസ്സ് ഉണ്ടായിരുന്നു
എനിക്ക്...
നിന്‍റെ മിഴികളുടെ ഭാഷ എന്‍റെ മിഴികളിലൂടെ
ഞാന്‍ വായിച്ചു...
നിന്‍റെ കണ്ണിമ വെട്ടുമ്പോള്‍ ആ കണ്‍പീലികള്‍ എന്നോട്
പിന്നെയും പിന്നെയും പറഞ്ഞത് ഞാന്‍ എന്‍റെ മനസ്സില്‍
മന്ത്രിച്ചു.....

പ്രണയമായിരുന്നുവല്ലേ എന്നോട്....

Monday, 14 November 2011

തൂലികയെക്കുറിച്ച്....


തൂലിക പലപ്പോഴും നിശബ്ദനായിരുന്നു...
ഒരു അക്ഷരം പോലും കുറിക്കാനാവാതെ
അക്ഷമനായിരുന്നു..

നഷ്ടപ്പെട്ട ബാല്യത്തെയും
പങ്കുവെച്ച പ്രണയത്തെയും
കണ്മുന്നിലൂടെ കടന്നുപോയ
കലാലയത്തെയും ഓര്‍മകളില്‍
മാത്രം പേറി എന്‍റെ തൂലിക
നിശബ്ദനായിരുന്നു.....