Saturday, 4 May 2013

മടക്കയാത്ര;

പുതിയ താഴ്വരകള്‍ തേടി മടങ്ങുന്നു..
തിരിച്ചറിയാതെ പോയ പ്രണയത്തിന്
നീ മാപ്പുസാക്ഷി..

ഈ ശിശിരം മറ്റൊന്നും എനിക്ക് സമ്മാനിക്കുന്നില്ല..
എന്‍റെ ജീര്‍ണതകളെ ദഹിപ്പിച്ച അഗ്നിയുടെ ചൂട്
നെഞ്ചിലിപ്പോഴും ബാക്കി..
നിശബ്ദതമായ ഒരു വികാരം മനസ്സിലെവിടെയോ
അലയുന്നുണ്ട്.
ചിതലരിച്ച താളുകള്‍ മായ്ച്ചുകളഞ്ഞത്
ഒരിക്കലും മറക്കില്ലെന്ന് മനസ്സില്‍ കരുതിയ
ഓര്‍മകളെ ആണ്.
കൈവെള്ളയിലെ നേര്‍ത്ത ചൂടില്‍ മുഖമൊളിപ്പിച്ചു
കുറച്ചു നേരം എന്തിനെന്നറിയില്ല;
ചുംബനം മടുത്ത ചുണ്ടുകള്‍ നിന്‍റെ മുഖത്തെ തേടുന്നത്
എന്തിനെന്നറിയില്ല;
സിരകളെ തണുപ്പിക്കാനെത്തുന്ന മരണമെന്നെ
തേടുന്നുവെന്നുമറിയില്ല;
മിഴികളില്‍ പതിഞ്ഞു പോയ നിന്‍റെ കറുപ്പ് നിറത്തിന്‍റെ അഴക്‌ മാത്രം
ഇനിയും ബാക്കി.
കാത്തു നില്‍ക്കുന്നില്ല..
കാഴ്ചകള്‍ അവസാനിക്കുന്നില്ല..
പുതിയ താഴ്വരകള്‍ തേടി മടങ്ങുന്നു..!!!

യാത്ര


Wednesday, 2 January 2013

ജിബ്രാനും സിയാദയും..



ഞാന്‍ ജിബ്രാന്‍!
നീ മെയ്‌ സിയാദയും.
നമ്മള്‍ പരസ്പരം ഇതേവരെ
കണ്ടുമുട്ടാത്തവര്‍;
പക്ഷെ ആത്മാവിനെ പരസ്പരം
തൊട്ടറിഞ്ഞവര്‍;
നമുക്കിടയിലെ ഈ ദൂരം
നമ്മളറിയുന്നില്ല,
തൂലികകള്‍
നമുക്കായി സംസാരിക്കുന്നു..

നിന്‍റെ വാക്കുകളിലെ പ്രണയം
എന്‍റെ സിരകളില്‍
ഉന്മാദം ഉണര്‍ത്തുന്നു..
നിന്നോട് പറയാനുള്ളതൊക്കെയും
ഞാന്‍ നിനക്ക് സമ്മാനിച്ച
കിനാക്കളായിരുന്നു..
നമുക്ക്‌ ചുറ്റും മേഘങ്ങളും
നക്ഷത്രങ്ങളും മാത്രം... !!!

പ്രീയ മെയ്‌,
ഞാന്‍ ചോദിച്ചു കൊള്ളട്ടെ..
പരസ്പരം കാണാതെ
തൊട്ടറിയാതെ
ഇത്രയും സ്നേഹിക്കാന്‍
നമുക്കെങ്ങനെ കഴിയുന്നു..
ഈ രാത്രി എന്നെ പോലെ
നിനക്കും പ്രീയപ്പെട്ടതാണ്
എന്ന് ഞാന്‍ കരുതുന്നു..

ഇവിടെ മഞ്ഞുശകലങ്ങള്‍
എന്നിലേക്ക്‌ പെയ്തിറങ്ങുകയാണ്.
അവയെന്നെ തണുപ്പിക്കുന്നത്
ഞാന്‍ അറിയുന്നതേ ഇല്ല..
നിന്‍റെ വാക്കുകളിലെ
ചൂടില്‍ അലിഞ്ഞലിഞ്ഞ്
അവ ഒരു അരുവിയായി ഒഴുകുന്നു..
അതില്‍ നിറയെ ഞാന്‍
നിനക്കായി കരുതിവെച്ച
സ്നേഹം ഒളിപ്പിക്കുന്നു.
ഒഴുകി ഒഴുകി ഒരിക്കല്‍
അവ നിന്നില്‍ വന്നു ചേരും..

പ്രീയ മെയ്‌..
ഘടികാര സൂചികളുടെ
നേര്‍ത്ത ശബ്ദം
നീ കേള്‍ക്കുന്നുവോ.
അതിന്‍റെ താളത്തില്‍
നിന്‍റെ ഹൃദയത്തുടിപ്പ്‌
ഞാന്‍ അറിയുന്നു..
ഒരിക്കലും കാണാതെ
ഹൃദയങ്ങള്‍ മാത്രം തൊട്ടറിഞ്ഞു
നമുക്ക്‌ പ്രണയിക്കാം.. !!!





മനസ്സ്


ഒരു കാറ്റിലും അണയാത്ത അഗ്നി
മനസ്സില്‍ ഉള്ളപ്പോള്‍
ഇളം കാറ്റിനെ ഞാന്‍
പലപ്പോഴും
അറിയാതെ പോകുന്നു.
സ്നേഹത്തിന്‍റെ ഒരു നേര്‍ത്ത നൂലിഴ
ഹൃദയത്തില്‍ പിണഞ്ഞു കിടക്കുകയാണ്.
ആ നൂലിഴയില്‍ കുറെ മനസ്സുകളുണ്ട്;
എന്നെ സ്നേഹിക്കുന്ന മനസ്സുകള്‍..




കാത്യ..


അങ്ങകലെ ആ താഴ്വരയിലേക്ക് ഞാന്‍ മടങ്ങുന്നു..
കാറ്റിന്‍റെ സംഗീതവും തണുപ്പിന്‍റെ ആവരണവും

ചാറ്റല്‍മഴയുടെ കിന്നാരവും പേറി ഞാന്‍ മടങ്ങുന്നു..
പീച്ചും ആപ്പിള്‍ മരങ്ങളും ഈ അതി ശൈത്യത്തെ
തഴുകി ഇടയ്ക്കിടെ വീശുന്ന കാറ്റില്‍
മഞ്ഞു ശകലങ്ങളെ പൊഴിക്കുന്നുണ്ട്..

താഴ്വരയ്ക്ക് താഴെ എനിക്കൊരു വീടുണ്ട്..
അവിടെ എനിക്കായി ഒരു സുന്ദരി കാത്തിരിപ്പുണ്ട്
അവള്‍ കാത്യ..!!!!

മഞ്ഞു പൊഴിയുന്ന ഒരു പകലില്‍
പാതയോരത്ത്‌ തണുത്തുമരവിച്ച എനിക്ക്
അഭയം തന്നവള്‍...
വിളറി വെളുത്ത എന്‍റെ മുഖത്ത് ചൂടേകിയവള്‍..
കരുതിവെച്ചിരുന്ന സ്നേഹം മുഴുവന്‍
എനിക്കായി പകുത്തു നല്കിയവള്‍...

അവള്‍ നല്‍കിയ ചൂട് കാപ്പി വലിച്ചു കുടിച്ചപ്പോളും
ഉള്ളില്‍ സിരകളെ മരവിപ്പിച്ച തണുപ്പിന്‍റെ
കൈകള്‍ അകന്നപ്പോഴും ഞാന്‍ ശ്രദ്ധിച്ചത്
അവളുടെ കുഞ്ഞു മുഖത്തെ ആ തെളിച്ചമായിരുന്നു...
മഞ്ഞുശകലങ്ങള്‍ അവളുടെ മുഖത്തെ
എന്‍റെ കാഴ്ച്ചയില്‍ നിന്ന് മറയ്ക്കാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു.
..
ഇടയ്ക്കിടെ ആ മുഖം എന്നെ നോക്കി
മന്ദഹസിക്കുമായിരുന്നു..

തണുപ്പകന്നപ്പോള്‍ അവള്‍ പുതപ്പിച്ച കമ്പിളി
പുതപ്പിന്‍റെ ചൂടില്‍ മയങ്ങുമ്പോള്‍ മനസ്സിലാകെ
ആ മുഖമായിരുന്നു..
കാത്യ......
ഇവള്‍ എന്‍റെ മാത്രം മഞ്ഞുപെണ്ണ്...!!!






മഴയാത്ര


മഴ പെയ്തൊഴിയാതെ യാത്രയില്‍
എന്നോടൊപ്പം ഉണ്ടായിരുന്നു....
ഫ്രെയിമിലൂടെ ഞാന്‍ മഴ കാണുകയായിരുന്നു....
ഓരോ മഴയും എനിക്ക് നല്‍കുന്നത്
മറക്കാനാവാത്ത കുറെ ഓര്‍മകളാണ്..
ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍..

മഴ നനയുമ്പോള്‍ മനസ്സില്‍ അറിയാതെ
പ്രണയം ജനിക്കുന്നു....
മഴയോടും.....
എന്നോടൊപ്പം മഴ നനയുന്ന
നീല കണ്ണുകള്‍ ഉള്ള പെണ്‍കുട്ടിയോടും....





ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്..


നീയെന്ന സത്യവും ഞാനെന്ന മിഥ്യയും
ഇനിയും ഒന്ന് ചേരാതിരിക്കട്ടെ;
മരം കോച്ചുന്ന ഈ തണുപ്പത്ത് കൈകാലുകള്‍ മൂടി
ഞാനൊന്നുറങ്ങുന്നു..
ഒരിക്കലും ഉണരാത്ത ഉറക്കത്തില്‍
ലയിച്ചു ചേരാന്‍...





Thursday, 8 November 2012

എന്‍റെ സ്നേഹം..


എന്‍റെ സ്നേഹം എന്താണ് എന്ന് ഒരിക്കല്‍ നീ
എന്നോട് ചോദിക്കും..
അപ്പോള്‍ ഞാന്‍ പറയും !!!...

"നിന്‍റെ മനസ്സില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച എന്‍റെ മനസ്സാണെന്ന്..."




എന്നെ എനിക്ക് നഷ്ടമാകുന്നു..


എന്‍റെ വിശ്വാസത്തിനപ്പുറം നിനക്ക് നി
ന്‍റെ
തായ താഴ്വരകളും
തടാകങ്ങളും കലപില കൂട്ടുന്ന പക്ഷികളും വെളിച്ചവും ഉണ്ട്..
ഓരോ വസന്തങ്ങളും കാത്തിരുന്നു വെറുതെ ആകുമ്പോള്‍
ആരോ ഒരാള്‍ നിന്നോട് നിന്നെ കുറിച്ച് സംസാരിക്കും..
നീ എന്ന സത്യത്തെ..
ഞാന്‍ തിരിച്ചറിയാതെ പോയ കപടതയെ..


നീ എന്നില്‍ നിന്നും കട്ടെടുത്ത സ്നേഹത്തെ..
അതെന്‍റെ വിശ്വാസമായിരുന്നു..!
ഞാന്‍ കരുതിവെച്ച വസന്തം.
ഈ തണുപ്പ് കാലത്തില്‍ സിരകളോട് പിണങ്ങാതെ
നിണങ്ങള്‍ എനിക്ക് ചൂട് പകരുന്നു..
ഞാനറിയാതെ എന്നെ എനിക്ക് നഷ്ടമാകുന്നു..
ഇന്നലെകളില്‍ നമ്മള്‍,
ഇന്നില്‍ ഞാന്‍,
നാളെ നീ മാത്രം...




















തിരിച്ചു കിട്ടാത്തൊരാ കളിചിരി ബാല്യം..


ഓര്‍മ്മകള്‍ കുറെ പുറകോട്ടു പോയപ്പോള്‍
നമ്മള്‍ പങ്കുവെച്ച ബാല്യവും കൗമാരവും
കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും
എല്ലാം ഒരു ഗൃഹാതുരത്വം പോലെ മനസ്സിലെവിടെയോ
ഒരു വിങ്ങലായി അവശേഷിക്കുന്നു...







തിരിച്ചു കിട്ടാത്തൊരാ കളിചിരി ബാല്യവും

ഇനിയും മറവിക്ക് പിടികൊടുക്കാത്ത
കുറെ നല്ല ഓര്‍മകളും മാത്രം,
കൂട്ടായി എനിക്ക്...






ഈ രാത്രി...


1)

ഈ രാത്രി നിനക്കുള്ളതാണ്...
നിന്‍റെ സിരകളെ തണുപ്പിച്ച മരം കോച്ചുന്ന
തണുത്ത കാറ്റും നിന്‍റെ മാത്രമാണ്..
സ്നേഹമായി നിന്‍റെ മനസ്സിലേക്ക് ഞാന്‍ നീട്ടിയ നേര്‍ത്ത
അദൃശ്യ വരകളും നിന്‍റെ മാത്രം...


2)

ഈ രാത്രിയുടെ കറുപ്പില്‍ ആരുടെയൊക്കെയോ
സ്വപ്‌നങ്ങള്‍ ഉടയാതെ സൂക്ഷിച്ചിരിക്കുകയാണ്..

മനസ്സിലെപ്പോഴും നേര്‍ത്ത നൈര്‍മല്യം സമ്മാനിച്ച്‌
യാതൊന്നും പറയാതെ പോകുന്ന  സ്വപ്നങ്ങള്‍...







ഞാന്‍ അറിയുകയാണ്...


കാത്തിരിക്കാന്‍ മിഴി മടിച്ചപ്പോള്‍
മനസ്സ്‌ മിഴിയോട്പറഞ്ഞു !
നിന്‍റെ ഓരോ ഫ്രെയിമിലും
ഞാന്‍ അറിയുകയാണ്..

വഴിയോര പച്ചയില്‍

ആരെയോ പ്രതീക്ഷിച്ച
മനസ്സാണ് ഞാന്‍..





നിന്‍റെ മൗനം


ഞാന്‍ തിരയുന്നത്
നിന്‍റെ മൗനത്തെയല്ല,
അതില്‍ നീ ഒളിപ്പിച്ചു വെച്ച
ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച
ആ വാക്കുകളെ ആണ്....





Wednesday, 19 September 2012

നനുത്ത ഒരു തുള്ളി..


ഓരോ മഴയും നിന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങുമ്പോള്‍
മനസ്സ്‌ അറിയാതെ നനയും..
ആ നനവിലൊരു മഴത്തുള്ളി പൊടിയും..
നനുത്ത ഒരു തുള്ളി;
അതെന്‍റെ സ്നേഹമായിരുന്നു...



.........................



ചില മഴയുണ്ട്..
പൊട്ടിയ നൂലില്‍ സ്വാതന്ത്ര്യം കിട്ടിയ പട്ടം പോലെ..
ചരിഞ്ഞും തിരിഞ്ഞും, ചാറ്റലായും.. പേമാരിയായും
നമ്മളെ നനയിച്ചു പെയ്തിറങ്ങും..




Friday, 20 July 2012

സ്നേഹത്തിന്‍റെ മുറിപ്പാടാണ്...!!!


എന്നെ പിരിഞ്ഞുപോയവരൊക്കെ
ഒരിക്കല്‍ നഷ്ടബോധത്തോടെ എന്നെ ഓര്‍ക്കും...

അന്ന് അവരുടെ മനസ്സ് പിടഞ്ഞെങ്കില്‍...
മിഴി അറിയാതെ നനഞ്ഞെങ്കില്‍.!!!

അത് ഞാന്‍ അവര്‍ക്ക് നല്‍കിയ
സ്നേഹത്തിന്‍റെ മുറിപ്പാടാണ്...
!

                              
---Shamnad Siberia...






ആ പഴയ കാലം...


മഴ പെയ്യുമ്പോള്‍ മനസ്സില്‍ നിറയെ ഓര്‍മകളാണ്....
കുട്ടിക്കാലത്ത് മഴയും നനഞ്ഞു നടവരമ്പത്തൂടെ
കളിച്ചു നടന്ന ആ പഴയ കാലം.
മഴ തോര്‍ന്നു കഴിയുമ്പോള്‍
കൂട്ടുകാരുമൊത്ത് വെള്ളത്തില്‍ കളിയ്ക്കാന്‍
ഇഷ്ടപ്പെട്ടിരുന്ന ബാല്യം...

വെള്ളത്തിലെ കളിയും കഴിഞ്ഞ
ആകെ നനഞ്ഞു ചെളിയും പുരണ്ടു വീട്ടിലെത്തി
തല്ലു വാങ്ങുന്നതിന്‍റെ ആ ബാല്യം....

മഴ പെയ്തു കഴിഞ്ഞു
മുറ്റത്തെ മാവിന്‍ ചുവട്ടില്‍ വീണു കിടക്കുന്ന
മാങ്ങയ്ക്കായി
മത്സരിച്ച ആ പഴയ കാലം.
എന്തിനും മഴയായിരുന്നു കൂട്ട്....

                                       
---Shamnad Siberia...




മഴയില്‍ അലിയാന്‍...


"മഴ പിന്നെയും തോരാതെ
പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു.....
മഴയില്‍ നനയാനും ഒടുവില്‍ മഴയില്‍ അലിഞ്ഞു
ഒരു മഴത്തുള്ളിയായി തീരുവാനും കൊതിച്ചു
ഞങ്ങള്‍ മഴയിലേക്കിറങ്ങി...."

























ഞാന്‍ അറിഞ്ഞിരുന്നില്ല...

ആമി.....

അന്ന് അവസാനമായി നമ്മള്‍ കണ്ടു
മടങ്ങുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല...

നീ എന്നെ വിട്ടു പിരിയുകയായിരുന്നുവെന്ന്.!!!





ചില ഇഷ്ടങ്ങള്‍!!!


"ചില  ഇഷ്ടങ്ങള്‍!!!
പരസ്പരം നമ്മളറിയാതെ പോകാറുണ്ട്"..
എനിക്ക് നി
ന്‍റെയും  നിനക്ക് എന്‍റെയും 
മനസ്സ് വായിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...!!!






നിന്നെക്കുറിച്ച്...


നിന്നെക്കുറിച്ച് എഴുതണം;
കൊതി തീരും വരെ നിന്നെ
എഴുതി കൊണ്ടേ ഇരിക്കണം...

നിന്‍റെ കണ്ണിലെ അഗ്നിയെ എനിക്ക്

വാക്കുകളില്‍ എരിയ്ക്കണം..
അതില്‍ എന്‍റെ മനസ്സും
നീ സമ്മാനിച്ച പ്രണയവും
ചാമ്പലാക്കണം...

------------------------------------------

നിന്നെക്കുറിച്ച് എഴുതണം;
കൊതി തീരും വരെ നിന്നെ
എഴുതി കൊണ്ടേ ഇരിക്കണം...

തൂലികത്തുമ്പിലെ മഷി കെടും വരെയും

ആത്മാവ് യാത്ര പറയും വരെയും...
         

                        ---Shamnad Siberia...