Saturday 25 February 2012

ഓര്‍മപുസ്തകം..





 
 













ഓര്‍മപുസ്തകത്തിലെ പല താളുകളും

മങ്ങിയിരിക്കുന്നു...
ചിതലരിച്ച താളുകള്‍..
അതിലെ ഒരു താളില്‍ ആരോ സമ്മാനിച്ച്‌ പോയ
പ്രണയം ഞാന്‍ കണ്ടെടുത്തു..
പ്രണയ മഷി പടര്‍ന്ന വാക്കുകള്‍ക്ക്
ചുംബനത്തിന്‍റെ ലഹരി..
ആ ലഹരി കുടിക്കാന്‍ ഞാന്‍
ആ താളുകള്‍ ചുണ്ടോടു ചേര്‍ത്തു...
ലഹരി നുകര്‍ന്ന ചുണ്ടുകള്‍
സംസാരിച്ചത് നിന്നെക്കുറിച്ച് !!!
നീ തന്നുപോയ പ്രണയത്തെക്കുറിച്ച്..
എന്‍റെ ചുണ്ടുകള്‍ നിനക്ക് വേണ്ടി
സംസാരിച്ചു..
ഓരോ വാക്കുകളിലും ഞാന്‍
നിന്നെ പിന്നെയും അറിഞ്ഞു
തുടങ്ങുകയായിരുന്നു..

ഇന്നലെ നാം എപ്പോഴാണ് കണ്ടുമുട്ടിയത്..
ഇന്നലെകള്‍, പിന്നിട്ട കുറെ
വര്‍ഷങ്ങളുടെ കനം പേറിയിരുന്നു ..
എന്‍റെ ചുണ്ടുകള്‍ നിന്നെക്കുറിച്ച്
പറഞ്ഞു കഴിഞ്ഞപ്പോള്‍
ഞാന്‍ നിന്നെ അറിഞ്ഞു തുടങ്ങുകയായിരുന്നു..

ഓര്‍മപുസ്തകം പിന്നെയും കുറെ
താളുകള്‍ പുറകോട്ടു പോയി..
ക്യാംപസിന്‍റെ ഇടനാഴിയിലെവിടെയോ
ആദ്യമായി ഞാന്‍ നിന്നെ കണ്ടുമുട്ടിയതും
എന്‍റെ മിഴികള്‍ക്ക് പിടിതരാതെ
നീ കടന്നുപോയതും ഞാന്‍ ഓര്‍ക്കുന്നു..
പിന്നീട് പലപ്പോഴും നമ്മള്‍ കണ്ടുമുട്ടി,
ആദ്യം നമ്മള്‍ മിഴികള്‍ പങ്കുവെച്ചു..
പിന്നീട് മനസ്സ് പങ്കുവെച്ചു,
പിന്നെ സിരകളെ ചൂടാക്കിയ
ലഹരിയും...

നമ്മള്‍ പരസ്പരം സമ്മാനിച്ച
ചുംബനത്തിന്‍റെ ലഹരി ഞാന്‍
ഓര്‍മപുസ്തകത്തിന്‍റെ താളുകളില്‍ പകര്‍ത്തി..
നമ്മുടെ പ്രണയത്തിന്‍റെ ലഹരി..
എന്‍റെ നെഞ്ചിലെ ചൂടിന്‍റെ ലഹരി..

താളുകള്‍ മറിഞ്ഞു മറിഞ്ഞു പോയപ്പോള്‍
ഞാന്‍ നിന്നെയും നീ എന്നെയും മറന്നു..
നമ്മള്‍ മനപ്പൂര്‍വ്വം നമ്മളെ ചതിച്ചു..
സിരകളെ ചൂടാക്കിയ ലഹരി മാത്രം
നമ്മുടെ മനസ്സില്‍ അവശേഷിച്ചു..

മുറിഞ്ഞു പോയ ചിതലരിച്ച വാക്കുകളും
മഷി പടര്‍ന്ന പേജുകളും നിറഞ്ഞ
ഓര്‍മപുസ്തകം..
ഇനിയും തുറക്കാത്ത താളുകളും
പങ്കുവയ്ക്കാന്‍ ഓര്‍മകളും ബാക്കിയാക്കിയ
എന്‍റെ ഈ ഓര്‍മപുസ്തകം...

..::സൈബീരിയ::..



Tuesday 21 February 2012

ഭ്രാന്തന്‍ ചിന്തകള്‍..


പ്രണയത്തിന്‍റെ നിഗൂഡതകള്‍ തേടിയുള്ള

അവന്‍റെ യാത്ര ചിന്തകളില്‍ നേരിയ ചലനം സൃഷ്ടിച്ചു..
ഇന്നലെകളില്‍ വരെ അവന്‍റെ മനസ്സിനെ സ്പര്‍ശിച്ച
അവള്‍, നാളേയും.!!!

"നിറഞ്ഞ സൗഹൃദം ഒരു മന്ദഹാസത്തില്‍ ഒതുക്കാന്‍
പരിശ്രമിച്ചവന്‍റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല..
പക്ഷെ അവന്‍ മനസ്സിലാക്കി,
പ്രണയത്തിന്‍റെ പരിശുദ്ധത വിശ്വാസത്തിലാണെന്ന്.."

ഇവിടെ നഷ്ടങ്ങള്‍ അവനു മാത്രം...
പ്രണയം ആവോളം നുകര്‍ന്ന അവന്‍റെ മിഴികളില്‍ ഇപ്പോള്‍
ഒരു നിര്‍വികാരത മാത്രം!

മറ്റുള്ളവര്‍ക്ക് അവനൊരു ഭ്രാന്തന്‍ മാത്രം..
അവന്‍റെ ചിന്തകള്‍ക്ക് അഗ്നിയുടെ വീര്യം ഉണ്ട് എന്ന് 
ആരും തിരിച്ചറിയുന്നില്ല..

ഇരുണ്ട മുറിയില്‍ ചങ്ങലകളില്‍ ജീവിതം തുടരുന്ന
അവന്‍ ഇടയ്ക്കിടെ അലറിയിരുന്നു..
സ്വാതന്ത്രം ഇല്ലാത്തവന്‍റെ വേദന അവന്‍ പങ്കുവെക്കുകയായിരുന്നു..
സ്വാന്തനിപ്പിക്കാന്‍ ഒരിക്കല്‍ അവള്‍ തിരികെ വരുമെന്ന് അവന്‍
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കണം, കാരണം
ഇടയ്ക്കിടെ അവന്‍ അറിയാതെ മന്ദഹസിക്കുമായിരുന്നു..

ഭ്രാന്തന്‍റെ വേഷം അവനു കല്‍പ്പിച്ചു നല്‍കിയ അവള്‍
പോലും അറിഞ്ഞിരിക്കില്ല അവന്‍റെ ആത്മാവ് ഒരിക്കലും
അവളെ വിട്ടുപിരിയില്ല എന്ന്...
ഒരിക്കല്‍ അവനു മനസ്സ് നഷ്ടപ്പെടും, ശരീരം നഷ്ടപ്പെടും
ആത്മാവ് മാത്രം അവളെ തേടിപ്പോകും....