Tuesday, 18 October 2011

ക്യാന്‍വാസ്......

















1. വികാരം....

ഇന്നലെ എനിക്കവളോടുള്ള വികാരം
വെറുപ്പായിരുന്നു....
ഇന്നത്‌ സഹതാപമായി മാറി...
നാളെ അതൊരു പ്രണയമായി
മാറിയേക്കാം...

എന്‍റെ ജല്പനങ്ങളിലെ മായാത്ത മുഖം
വളരെ ദൂരെ എന്നെയും പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്....
ഞാനും....

( ഇന്ന് അവളെനിക്കു പതിച്ചു നല്‍കിയ
ചുടു ചുംബനത്തിന്‍റെ മധുരം ഞാന്‍ അവള്‍ക്കു
തിരിച്ചു നല്‍കി.
പക്ഷെ!
വഴിതെറ്റി വന്ന ഒരു കനല്‍ ഞങ്ങളുടെ
ഇടയില്‍ വീണു പുകഞ്ഞു കത്തി.... )



2. പ്രണയം....

ഉറക്കം വരാത്ത രാത്രികളില്‍, കിടക്കറയില്‍
അരണ്ട വെളിച്ചത്തില്‍ അവളെ മനസ്സിന്‍റെ
ഫ്രെയിമുകളിലാക്കി
സ്വപ്നം കാണുന്നവനയിരുന്നു കാമുകന്‍....

പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെച്ച
അവന്‍റെ ഹൃദയാക്ഷരങ്ങളെ ഏകാന്തതയില്‍
ആരും കാണാതെ വായിക്കുന്നവളായിരുന്നു കാമുകി....

( ഇന്നലെകളിലെ പ്രണയം )


3. വിരഹം....

കാലത്തിന്‍റെ ഏണിപ്പടിയില്‍ പതിഞ്ഞ കുരുന്നു
കാല്‍പ്പാടുകള്‍ ഇന്നലെ പെയ്ത
മഴയുടെതായിരുന്നു....

ഗൃഹാതുരത്വം പങ്കുവെച്ച രണ്ടു വാനമ്പാടികള്‍
നൈമിഷികമായ പ്രണയത്തെ ക്ഷണിച്ചു വരുത്തി....
ആ വാനമ്പാടികള്‍ ഇന്നലെ രണ്ടു വഴിയില്‍ വെച്ച്
അന്യോന്യം വേര്‍പിരിഞ്ഞു....

( വിരഹത്തിനു അവരുടെ ഇടയില്‍ സ്ഥാനമുണ്ടോ....? )


4. മരണം....

നന്ദിത.....
അവള്‍, ആദ്യം എനിക്ക് വിസ്മയമായിരുന്നു....
ഇപ്പോള്‍ എന്‍റെ കളിക്കൂട്ടുകാരിയും....

"ഇന്നലെ രാത്രിയും ഏതോ ഒരു പൂ
വിരിഞ്ഞിരിക്കും.....
ആ സുഗന്ധത്തില്‍ ആരെക്കെയോ മരിച്ചു
വീണിരിക്കും"....

(ആരും അറിയാതെ അക്ഷരങ്ങളുടെ നിറക്കൂട്ടില്‍ ജീവിച്ച
ആ കലാകാരിയുടെ തൂലിക സ്പര്‍ശം ആരും
തിരിച്ചറിഞ്ഞില്ല!!!
" എങ്കിലും ആരോ" )


5. ഓര്‍മ....

കാലത്തിനു മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മയുടെ
മായാത്ത ഫ്രെയിമുമായി ആരോ!!!

സ്വന്തം ദുഖങ്ങളെ മനസ്സിലൊതുക്കി
മറ്റുള്ളവര്‍ക്ക് മന്ദഹാസം പകര്‍ന്നു നല്‍കിയ
ആ വാനമ്പാടി നാളെയുടെ ഓര്‍മ്മക്കായി ഇന്നലെ
യാത്ര പറഞ്ഞു പിരിഞ്ഞു....

(കാന്‍സര്‍ ബാധിച്ചു നമ്മെ വിട്ടു പിരിഞ്ഞ മനോഹരിയായ
കൊച്ചു പെണ്‍കുട്ടി സുമി സയ്യിദലിയുടെ ഓര്‍മ്മക്കായി....)


6. നിഴല്‍....

നിഗൂഡതകള്‍ തേടിയുള്ള യാത്രയില്‍
എവിടെയോ വിസ്മരിച്ച ഒരു മുഖം.....

ഇന്നലെയുടെ മിഴികളില്‍ പ്രത്യക്ഷമായ
ആ ഇളം തെന്നല്‍ നാളെ നൊസ്റ്റാള്‍ജിയ
കവര്‍ന്നേക്കാം....
ഇന്നലെ എന്‍റെ മനസ്സിന്‍റെ ക്യാന്‍വാസ്
പകര്‍ത്തിയെടുത്ത ആ മുഖം
നിഴലിന്‍റെതാണ്....

"my own shadow...." 

(മനസ്സില്‍ അറിയാതെ കിനിയുന്ന
പ്രണയത്തിന്‍റെ മധുരത്തെ ആ നിഴലിനായി
ഞാന്‍ നീക്കിവെച്ചു.... )


                                   ഷംനാദ് സൈബീരിയ......






ഈ രാത്രിയിലും ഞാന്‍ തനിച്ചാണ്.....




 
 
 
 
 
 
 
 
 
രാത്രിയില്‍ വിരിയുന്ന വയലെറ്റ്‌ പൂക്കളെ ഞാന്‍ കണ്ടിട്ടില്ല..
രാത്രിയില്‍ പാടുന്ന രാപ്പാടിയുടെ കൂടെവിടെ എന്നും
അറിയില്ല...
ദൂരെ എവിടെയോ എന്നെയും കാത്തിരിക്കുന്ന
അവളെയും ( ഒരിക്കല്‍ എന്‍റെതായി തീരേണ്ടവള്‍ )
എനിക്കറിയില്ല...

പക്ഷെ ഒന്നെനിക്കറിയാം!!!
ഈ രാത്രിയിലും ഞാന്‍ തനിച്ചാണ്.....
                                                                           ...........Sham
 

എന്‍റെ മഴത്തുള്ളിക്ക്....


 
 
 
 
 
 
 
ഒരു മഴത്തുള്ളിയായി നീ എന്‍റെ അരികില്‍
ഉണ്ടായിരുന്നുവെങ്കില്‍ ഓരോ തുള്ളിയും
എന്‍റെ ദാഹം തീര്‍ക്കുമായിരുന്നു!!!

ഒരു കുഞ്ഞു മഴത്തുള്ളിയായി നീ മടങ്ങുമ്പോള്‍
ഞാന്‍ നിറകണ്ണുകളുമായി നോക്കി നില്‍ക്കുമായിരുന്നു...

എന്നും പാടത്ത് നിന്നെയും പ്രതീക്ഷിച്ചു ഞാന്‍
ഉണ്ടായിരുന്നു..
എന്‍റെ ബാല്യവും കൗമാരവും നീ ആയിരുന്നു..
നിന്‍റെ ഓരോ തുള്ളിയും എന്‍റെ നെറുകയില്‍
സ്പര്‍ശിച്ചത് അറിയാതെ ഞാന്‍ ഓര്‍ക്കുമായിരുന്നു..

നിന്‍റെ തണുത്ത കൈകളില്‍ മുഖമൊളിപ്പിക്കാന്‍
ഞാന്‍ എന്നും കൊതിക്കുമായിരുന്നു...
നീ എന്നെ തഴുകുമ്പോള്‍ ഞാന്‍ അലിഞ്ഞ് അലിഞ്ഞ്
ഇല്ലാതാകുമായിരുന്നു...
നീ പെയ്തിറങ്ങുമ്പോള്‍ ഒരു കൊച്ചു കുട്ടിയായി
ഞാന്‍ നിനക്ക് കൂട്ടിനുണ്ടായിരുന്നു...

പ്രീയ മഴത്തുള്ളി എന്‍റെ ഓര്‍മയില്‍ എന്നും
നീ മാത്രമായിരുന്നു......
                                                             .........സൈബീ
 

Friday, 7 October 2011

വളപ്പൊട്ടുകള്‍...


















 പുഴക്കരയിലെ മണല്‍ തിട്ടയില്‍ തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോഴും
വളപ്പൊട്ടുകളെ കുറിച്ച് ആയിരുന്നു അവന്‍റെ ചിന്ത....
എം. ടി യുടെ കഥയിലെ വളപ്പൊട്ടുകളുടെ പരാമര്‍ശ ഭാഗത്തിനു തന്‍റെ
ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് അവന്‍ അത്ഭുതപ്പെടുമായിരുന്നു.....

സംശയങ്ങള്‍ക്ക് അപ്പുറമുള്ള ചില സത്യങ്ങളെ അവന്‍ തിരിച്ചറിഞ്ഞു....
ഒരു പിടി മണല്‍ വാരി അവന്‍ പുഴ വെള്ളത്തിലേക്കെറിഞ്ഞു....
തീറ്റയെന്ന ധാരണയില്‍ ഉയര്‍ന്നു വരുന്ന ചെറു മീനുകളെ നിലാവെളിച്ചത്തില്‍ ചലിക്കുന്ന നിഴലുകളായി കണ്ടു....
പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ തലപ്പുകള്‍ക്കിടയിലൂടെ പൂര്‍ണ ചന്ദ്രന്‍റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു....

പുഴയിലെ ചെറു ഓളങ്ങളില്‍ തട്ടി ജീവിത ചിത്രങ്ങളുടെ മിഴിവ് നശിക്കുന്നുണ്ടായിരുന്നു...
മാറോടടുക്കി പിടിച്ച വളപ്പൊട്ടുകള്‍ ആരും കാണാതെ പുഴയുടെ പിന്നാം പുറത്തുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞ കൗമാരക്കാരന്‍റെ വിഭ്രാന്തിയും ഇന്നലെയെന്നത് പോലെ അവനറിഞ്ഞു....
കൗമാരവും യൗവനവും കഴിഞ്ഞു പുഴ ഒഴുകുകയായിരുന്നു.
രാവ് നീണ്ടപ്പോള്‍ അവന്‍ പുഴക്കരയില്‍ നിന്ന് എഴുന്നേറ്റു നടന്നു....


തെരുവ്:-

സത്യങ്ങളുടെ ദൂരക്കാഴ്ചകള്‍ നിറഞ്ഞ സമൂഹത്തിലെ ചവറ്റു കൂനകള്‍....
പീടിക കോലായില്‍ അന്തിയുറങ്ങുന്നത് തെരുവിന്‍റെ ആത്മാക്കള്‍. അവന്‍റെ ജീവിതം ആരംഭിക്കുന്നത് ഇവിടെ.
അവന്‍ അവളെ കണ്ടു മുട്ടിയതും ഇവിടെ തന്നെ.
സംസ്കാരത്തിന്‍റെ നാല്ച്ചുമരുകളുടെ തളയ്ക്കപ്പെടാത്ത ജീവിതങ്ങളുടെ
തട്ടകമാണ് തെരുവ്....


അവന്‍:-

സമൂഹത്തിന്‍റെ പകല്‍ വെളിച്ചത്തിലേക്കിറങ്ങി ചെന്നിട്ടില്ലാത്ത തെരുവില്‍ പിറന്ന കലാകാരന്‍.
വിശപ്പിന്‍റെ നിശബ്ദമായ നിലവിളി പൊങ്ങുന്ന വഴികളിലൂടെ നടന്നു തെരുവിന്‍റെ ആത്മാവ് ക്യാന്‍വാസില്‍ ആക്കുന്ന ചിത്രകാരന്‍.
ചില്ലുകൂടാരങ്ങള്‍ക്ക് ഉള്ളിലിരുന്നു പാവപ്പെട്ടവന്‍റെ ജീവിതമെഴുതുന്ന ബ്യുറോക്രാറ്റുകളെ നിറഞ്ഞ മനസ്സോടെ നോക്കിക്കാണുന്നവന്‍....
അറപ്പോടെ അകന്നു നില്‍ക്കുന്നവരെ നോക്കി പൊട്ടിച്ചിരിക്കുന തെളിഞ്ഞ ബുദ്ധി.
പക്ഷെ!!!
ഓര്‍മയിലെ വളപ്പൊട്ടുകളെ വേദനയായി കൊണ്ടു നടക്കുന്നവന്‍.....


അവള്‍:-

പുഴക്കരയിലെ ഒരു മണല്‍ക്കൂനയ്ക്ക് കീഴില്‍ ഉറങ്ങുന്നവള്‍.
തെരുവിന്‍റെ ഇന്നലെകളുടെ ജീവന്‍റെ തുടിപ്പ്.
അവനു വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ പകര്‍ന്നു നല്‍കിയവള്‍.....
പാതി വഴിയില്‍ മുറിഞ്ഞു പോയ സുന്ദര സ്വപ്നം.....


ചിത്രങ്ങള്‍:-

ക്യാന്‍വാസില്‍ വാര്‍ന്നു വീഴുന്ന അവന്‍റെ ആത്മാവ്.
ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും തിരുശേഷിപ്പുകള്‍.
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ ഉദാത്തവല്‍ക്കരിക്കുന്ന പ്രതീകങ്ങള്‍.
പ്രസിദ്ധമായ ആര്‍ട്ട്‌ ഗാലറികളില്‍ വിശ്വ വിഖ്യാത രചനകള്‍ക്കൊപ്പം നില കൊള്ളുന്നു....
ലോകത്തിന്‍റെ കണ്ണില്‍ അഞ്ജാതമായ ചിത്രകാരന്‍റെ അത്ഭുത സൃഷ്ടികള്‍....


പുഴ:-

പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും ഇണകളെ കൂട്ടിയിണക്കുന്ന കണ്ണി.
സ്നേഹത്തിന്‍റെ ഒരിക്കലും വറ്റാത്ത കണ്ണുനീര്‍.
വളപ്പൊട്ടുകളെ ഉള്ളിലേറ്റ് വാങ്ങിയ അവന്‍റെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രം. അനാഥനായ അവനെ സനാഥനാക്കുന്ന ആള്‍രൂപം.
ഉറവ വറ്റാത്ത പ്രകൃതിയുടെ സ്നേഹത്തിന്‍റെ ഒഴുക്ക്....


കാലം:-

നീണ്ട ജീവിതപാതയിലെ അവഗണിക്കാനാവാത്ത സാന്നിധ്യം.
അവനിലെ കലാകാരന് അനുഭവങ്ങളുടെ നിറസന്ധ്യകള്‍ നല്‍കിയത്
കാലത്തിന്‍റെ കൈവഴികള്‍....
മയിപ്പീലിതണ്ടിന്‍റെ സൗന്ദര്യത്തെ തന്‍റെ ജീവിതത്തിലേക്കാവാഹിച്ചത്
കാലമെന്നവന്‍ വിശ്വസിക്കുന്നു. വളപ്പൊട്ട്‌ വീണുടയുന്ന നേര്‍ത്ത ശബ്ദം അവനെ കേള്‍പ്പിച്ചതും കാലമായിരുന്നു.
അനന്തമായ യാത്രയാണ്‌ കാലം....

തെരുവ് ശാന്തമാണ്‌....
രാവിനു കടുപ്പമേറുന്നു.
അരണ്ട വെളിച്ചത്തില്‍ പൂര്‍ണ്ണമാകാത്ത ചിത്രത്തിന് മുകളിലൂടെ
അവന്‍റെ വിരല്‍തുമ്പിലെ ബ്രഷ് ചലിച്ചു കൊണ്ടിരുന്നു.
നിറങ്ങള്‍ ക്യാന്‍വാസില്‍ വര്‍ണ വിസ്മയം സൃഷ്ടിച്ചെങ്കിലും അവന്‍റെ മുഖം അസ്വസ്ഥമായിരുന്നു. അല്പ്പം മാറി നിന്ന് ചിത്രം വീക്ഷിച്ചെങ്കിലും ആത്മ സംതൃപ്തിയുടെ വെളിച്ചം മങ്ങിയിരുന്നു.
മറ്റുള്ളവയുടെ നിഴലുകള്‍ അല്ലാതെ പുതിയതൊന്നു അവനു ഇവിടെ കണ്ടെത്താനായില്ല. ചിത്രത്തിലേക്ക് തുറിച്ചു നോക്കിയിരുന്ന അവന്‍റെ മുഖത്തേക്ക് രോഷം ഇരച്ചു കയറി.
കോപാന്ധനായ അവന്‍ നിറക്കൂട്ടുകലെടുത്തു ക്യാന്‍വാസിലേക്ക് കമഴ്ത്തി. അത് മറിച്ചിട്ട ശേഷം നിലത്തിട്ടു ചവിട്ടി.
കലിയടങ്ങാതെ അതിനു തീ കൊളുത്തി.
മുറിയില്‍ പുക നിറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി നടന്നു.
ഉള്ളിലുള്ളതെല്ലാം പകര്‍ത്തി കഴിഞ്ഞുവെന്ന സത്യം അവന്‍ തിരിച്ചറിയുകയായിരുന്നു....

മനസ്സ് ഒഴിഞ്ഞ ക്യാന്‍വാസ് പോലെ ശുന്യമായിരുന്നു.
മരിച്ചു പോയ രൂപങ്ങളുടെ ആത്മാക്കളെ പേറിക്കഴിയാനാവാത്ത
തിരിച്ചറിവില്‍ ഒരു ദേശാടനത്തിന്‍റെ സാധ്യതകളെക്കുറിച്ച് അവനാലോചിച്ചു.

ഇരുട്ടിലൂടെ നടന്നവന്‍ പുഴക്കരയിലെ അവളുടെ കുഴിമാടത്തിനരികിലെത്തി, നിശബ്ദമായി പ്രാര്‍ത്ഥിച്ചു.
പാതിയടഞ്ഞ മിഴികളില്‍ നിന്നും കൊഴിഞ്ഞു വീണ കണ്ണുനീര്‍തുള്ളികള്‍
വിയോഗത്തിന്‍റെ മുറിവുണങ്ങാത്ത മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികളായിരുന്നു.
സ്വാന്തനത്തിന്‍റെ അദൃശ്യകരങ്ങള്‍ ഹൃദയത്തെ തഴുകിയപ്പോള്‍ അവന്‍ പുഴക്കരയിലേക്ക് നടന്നു.
ഓര്‍മകളില്‍ ഒരിക്കലും മറക്കാത്ത വളപ്പൊട്ടുകളുടെയും അതിന്‍റെ ജ്വലിക്കുന്ന സൗന്ദര്യത്തേയും ആത്മാവിലേറ്റ് വാങ്ങിയ പുഴ ശാന്തമായിരുന്നു.....

                                                                                    ഷംനാദ് സൈബീരിയ......



നിരര്‍ത്ഥകം....


യാഥാര്‍ത്ഥ്യത്തിന്‍റെ പടിയും തേടി
വന്നവന്‍റെ വഴി നിഗൂഡമായിരുന്നു....
സ്വന്തം ദുഃഖങ്ങളെ മൗനത്തില്‍
ഒതുക്കിയവന്‍ ബന്ധങ്ങളുടെ മുങ്ങാക്കയത്തിലെക്കുള്ള
കെണിയില്‍ അകപ്പെട്ടു....

നിധി പോലെ കിട്ടിയ ജന്‍മത്തെ ഉപേക്ഷിക്കാന്‍
അവനു മനസ്സ് വന്നില്ല....
ജീവിതം അവനു സമ്മാനിച്ച വേദനകളെ അവന്‍
മനപ്പൂര്‍വം മറന്നു ചുറ്റും പരതി....
സമൂഹത്തിന്‍റെ ദൃഷ്ടികള്‍ അവനില്‍ പതിഞ്ഞു....
നിര്‍വികാരനായി സമൂഹത്തെ നോക്കിക്കണ്ട
അവനിലൊരു പുച്ഛച്ചിരി വിരിഞ്ഞു....

പിന്നെയവന്‍, പൊട്ടിച്ചിരിച്ചു!
പ്രകാശം അകലുവോളം....













കാഴ്ചകളില്‍.....



1. ക്യാമ്പസിന്‍റെ നിഴല്‍.......!!!
ആണും പെണ്ണും സൊറ പറയുന്നു....
ഇടനാഴികളില്‍!
ചുമര്‍ ചിത്രത്തിന്‍റെ നീണ്ട നിര( കാല്‍പ്പാടുകള്‍)....

2. മഴ പെയ്യുന്നു.....!!!
ചാറ്റല്‍ മഴയ്ക്ക്‌ പറയാന്‍ ഏറെ.....
പിണക്കത്തിന് ശേഷം കാറ്റുമായി സല്ലപിക്കുന്നു.....


3. ശാസ്ത്ര ലാബില്‍....!!!
തവളകള്‍.!!!
യാതൊന്നും അറിയാതെ മരണത്തെ കാത്തിരിക്കുന്നു....
കാഡവര്‍ ടാങ്കില്‍ ശവങ്ങള്‍
നീന്തിത്തുടിക്കുന്നു.... ( വിദ്യാര്‍ഥികള്‍ക്കായി)


4. ക്ലാസ്സുകളില്‍....!!!
അധ്യാപകര്‍ വാ തോരാതെ അലയ്ക്കുന്നു....
വിദ്യാര്‍ഥികളില്‍ രണ്ടു വികാരം മാത്രം....
പകയും പ്രണയവും.....



5. കാഴ്ചയുടെ ഫ്രെയിമില്‍....!!!
റോഡിലൂടെ രണ്ടു ശകടങ്ങള്‍ യാത്ര തുടരുന്നു....
ഒന്ന് ജീവിക്കാനും.
മറ്റൊന്ന് നിലനില്‍ക്കാനും.....











ജല്പനങ്ങള്‍...


തൊണ്ടക്കുഴിയില്‍ അടങ്ങിയ നിലവിളിയുടെ
നടുക്കം വിട്ടുമാറും മുന്‍പേ
കത്തുന്ന ശവങ്ങളുടെ
രൂക്ഷ ഗന്ധം
നാസാദ്വാരങ്ങളിലേക്ക് അടിച്ചു കയറി...

ബാല്യത്തിന്‍റെ ചാടുല്യത്തില്‍
മിന്നിയ മിഴികള്‍ അകാരണമായ
പകയുടെ ഉത്ഭവത്തെ തേടി അലയുന്നു...

ഇവിടെ!!!
ജീവനും ജീവിതവും പകയോടെ
പരസ്പരം പോരടിക്കുന്നു..
നഷ്ടപ്പെടാനൊന്നുമില്ലാത്തവന്‍റ
വന്യമായ ആഹ്ലാദം ഓരോ ജീവനിലേക്കും
വഴിമാറുന്നു

ശുഭാപ്തി വിശ്വാസിയുടെ ജല്പനങ്ങളില്‍
രക്തക്കറ ആണ്ടിറങ്ങിയിരിക്കുന്നു..
ഇതിന്‍റെ അവസാനം???

ഇനി
നാളെയുടെ മിഴികളില്‍
ഇന്നലെ പെയ്ത മഴയുടെ വെറും
ചഞ്ചലമായ ഓര്‍മ്മകള്‍ മാത്രം....














ചായക്കൂട്ടുകള്‍.....





പറയാന്‍ മറന്ന വാക്കുകള്‍ ഇന്ന് നാവില്‍ നിറയുമ്പോള്‍
ചെവിയോര്‍ക്കാന്‍ നീ ഇല്ലല്ലോ എന്ന് മനസ്സിനോട്
മന്ത്രിക്കുകയായിരുന്നു ഞാന്‍....

ക്യാന്‍വാസില്‍ ആരും കാണാതെ മറച്ച നിന്‍റെ മുഖം
മങ്ങിയിരിക്കുന്നു....
ചായക്കൂട്ടുകള്‍ക്ക് നടുവില്‍ നീ അവ്യക്തമായ ഓര്‍മകളില്‍
ഇന്ന് ജീവിക്കുന്നു...
ഇനിയും എന്നില്‍ അവശേഷിക്കുന്ന നിന്‍റെ നിശബ്ദത എന്‍റെ
വാക്കുകള്‍ മനസ്സിലാക്കാതെ പോകുന്നു...
നീ എന്ന ജീവന്‍ പതിഞ്ഞ ക്യാന്‍വാസ്‌ പതിയെ പതിയെ
എനിക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു.
പങ്കു വെച്ച നിമിഷങ്ങളും പരസ്പരം സമ്മാനിച്ച ചുംബനങ്ങളും
എപ്പോഴോ നമ്മളെ നാമല്ലാതെ മാറ്റിയിരിക്കുന്നു...
വെറും അപരിചിതര്‍ മാത്രമാണ് നമ്മളിപ്പോള്‍!!!.....



                                                                                           .....Sham



ഞാനും നിശബ്ദതയും....



നിശബ്ദതയെ ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു....
അശാന്തമായിരുന്ന എന്‍റെ മനസ്സിന്‍റെ
മാറിലൊളിച്ചവളാണ്,
രാത്രിയുടെ ഇരുണ്ട യാമത്തില്‍ എനിക്ക്
കൂട്ടായി ഇരുന്നവള്‍....
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍
പ്രണയബദ്ധരാണ്,  വേര്‍പിരിയാനാവാത്ത വിധം...