Friday, 7 October 2011

വളപ്പൊട്ടുകള്‍...


 പുഴക്കരയിലെ മണല്‍ തിട്ടയില്‍ തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോഴും
വളപ്പൊട്ടുകളെ കുറിച്ച് ആയിരുന്നു അവന്‍റെ ചിന്ത....
എം. ടി യുടെ കഥയിലെ വളപ്പൊട്ടുകളുടെ പരാമര്‍ശ ഭാഗത്തിനു തന്‍റെ
ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് അവന്‍ അത്ഭുതപ്പെടുമായിരുന്നു.....

സംശയങ്ങള്‍ക്ക് അപ്പുറമുള്ള ചില സത്യങ്ങളെ അവന്‍ തിരിച്ചറിഞ്ഞു....
ഒരു പിടി മണല്‍ വാരി അവന്‍ പുഴ വെള്ളത്തിലേക്കെറിഞ്ഞു....
തീറ്റയെന്ന ധാരണയില്‍ ഉയര്‍ന്നു വരുന്ന ചെറു മീനുകളെ നിലാവെളിച്ചത്തില്‍ ചലിക്കുന്ന നിഴലുകളായി കണ്ടു....
പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ തലപ്പുകള്‍ക്കിടയിലൂടെ പൂര്‍ണ ചന്ദ്രന്‍റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു....

പുഴയിലെ ചെറു ഓളങ്ങളില്‍ തട്ടി ജീവിത ചിത്രങ്ങളുടെ മിഴിവ് നശിക്കുന്നുണ്ടായിരുന്നു...
മാറോടടുക്കി പിടിച്ച വളപ്പൊട്ടുകള്‍ ആരും കാണാതെ പുഴയുടെ പിന്നാം പുറത്തുള്ള പുഴയിലേക്ക് വലിച്ചെറിഞ്ഞ കൗമാരക്കാരന്‍റെ വിഭ്രാന്തിയും ഇന്നലെയെന്നത് പോലെ അവനറിഞ്ഞു....
കൗമാരവും യൗവനവും കഴിഞ്ഞു പുഴ ഒഴുകുകയായിരുന്നു.
രാവ് നീണ്ടപ്പോള്‍ അവന്‍ പുഴക്കരയില്‍ നിന്ന് എഴുന്നേറ്റു നടന്നു....


തെരുവ്:-

സത്യങ്ങളുടെ ദൂരക്കാഴ്ചകള്‍ നിറഞ്ഞ സമൂഹത്തിലെ ചവറ്റു കൂനകള്‍....
പീടിക കോലായില്‍ അന്തിയുറങ്ങുന്നത് തെരുവിന്‍റെ ആത്മാക്കള്‍. അവന്‍റെ ജീവിതം ആരംഭിക്കുന്നത് ഇവിടെ.
അവന്‍ അവളെ കണ്ടു മുട്ടിയതും ഇവിടെ തന്നെ.
സംസ്കാരത്തിന്‍റെ നാല്ച്ചുമരുകളുടെ തളയ്ക്കപ്പെടാത്ത ജീവിതങ്ങളുടെ
തട്ടകമാണ് തെരുവ്....


അവന്‍:-

സമൂഹത്തിന്‍റെ പകല്‍ വെളിച്ചത്തിലേക്കിറങ്ങി ചെന്നിട്ടില്ലാത്ത തെരുവില്‍ പിറന്ന കലാകാരന്‍.
വിശപ്പിന്‍റെ നിശബ്ദമായ നിലവിളി പൊങ്ങുന്ന വഴികളിലൂടെ നടന്നു തെരുവിന്‍റെ ആത്മാവ് ക്യാന്‍വാസില്‍ ആക്കുന്ന ചിത്രകാരന്‍.
ചില്ലുകൂടാരങ്ങള്‍ക്ക് ഉള്ളിലിരുന്നു പാവപ്പെട്ടവന്‍റെ ജീവിതമെഴുതുന്ന ബ്യുറോക്രാറ്റുകളെ നിറഞ്ഞ മനസ്സോടെ നോക്കിക്കാണുന്നവന്‍....
അറപ്പോടെ അകന്നു നില്‍ക്കുന്നവരെ നോക്കി പൊട്ടിച്ചിരിക്കുന തെളിഞ്ഞ ബുദ്ധി.
പക്ഷെ!!!
ഓര്‍മയിലെ വളപ്പൊട്ടുകളെ വേദനയായി കൊണ്ടു നടക്കുന്നവന്‍.....


അവള്‍:-

പുഴക്കരയിലെ ഒരു മണല്‍ക്കൂനയ്ക്ക് കീഴില്‍ ഉറങ്ങുന്നവള്‍.
തെരുവിന്‍റെ ഇന്നലെകളുടെ ജീവന്‍റെ തുടിപ്പ്.
അവനു വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ പകര്‍ന്നു നല്‍കിയവള്‍.....
പാതി വഴിയില്‍ മുറിഞ്ഞു പോയ സുന്ദര സ്വപ്നം.....


ചിത്രങ്ങള്‍:-

ക്യാന്‍വാസില്‍ വാര്‍ന്നു വീഴുന്ന അവന്‍റെ ആത്മാവ്.
ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും തിരുശേഷിപ്പുകള്‍.
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ ഉദാത്തവല്‍ക്കരിക്കുന്ന പ്രതീകങ്ങള്‍.
പ്രസിദ്ധമായ ആര്‍ട്ട്‌ ഗാലറികളില്‍ വിശ്വ വിഖ്യാത രചനകള്‍ക്കൊപ്പം നില കൊള്ളുന്നു....
ലോകത്തിന്‍റെ കണ്ണില്‍ അഞ്ജാതമായ ചിത്രകാരന്‍റെ അത്ഭുത സൃഷ്ടികള്‍....


പുഴ:-

പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും ഇണകളെ കൂട്ടിയിണക്കുന്ന കണ്ണി.
സ്നേഹത്തിന്‍റെ ഒരിക്കലും വറ്റാത്ത കണ്ണുനീര്‍.
വളപ്പൊട്ടുകളെ ഉള്ളിലേറ്റ് വാങ്ങിയ അവന്‍റെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രം. അനാഥനായ അവനെ സനാഥനാക്കുന്ന ആള്‍രൂപം.
ഉറവ വറ്റാത്ത പ്രകൃതിയുടെ സ്നേഹത്തിന്‍റെ ഒഴുക്ക്....


കാലം:-

നീണ്ട ജീവിതപാതയിലെ അവഗണിക്കാനാവാത്ത സാന്നിധ്യം.
അവനിലെ കലാകാരന് അനുഭവങ്ങളുടെ നിറസന്ധ്യകള്‍ നല്‍കിയത്
കാലത്തിന്‍റെ കൈവഴികള്‍....
മയിപ്പീലിതണ്ടിന്‍റെ സൗന്ദര്യത്തെ തന്‍റെ ജീവിതത്തിലേക്കാവാഹിച്ചത്
കാലമെന്നവന്‍ വിശ്വസിക്കുന്നു. വളപ്പൊട്ട്‌ വീണുടയുന്ന നേര്‍ത്ത ശബ്ദം അവനെ കേള്‍പ്പിച്ചതും കാലമായിരുന്നു.
അനന്തമായ യാത്രയാണ്‌ കാലം....

തെരുവ് ശാന്തമാണ്‌....
രാവിനു കടുപ്പമേറുന്നു.
അരണ്ട വെളിച്ചത്തില്‍ പൂര്‍ണ്ണമാകാത്ത ചിത്രത്തിന് മുകളിലൂടെ
അവന്‍റെ വിരല്‍തുമ്പിലെ ബ്രഷ് ചലിച്ചു കൊണ്ടിരുന്നു.
നിറങ്ങള്‍ ക്യാന്‍വാസില്‍ വര്‍ണ വിസ്മയം സൃഷ്ടിച്ചെങ്കിലും അവന്‍റെ മുഖം അസ്വസ്ഥമായിരുന്നു. അല്പ്പം മാറി നിന്ന് ചിത്രം വീക്ഷിച്ചെങ്കിലും ആത്മ സംതൃപ്തിയുടെ വെളിച്ചം മങ്ങിയിരുന്നു.
മറ്റുള്ളവയുടെ നിഴലുകള്‍ അല്ലാതെ പുതിയതൊന്നു അവനു ഇവിടെ കണ്ടെത്താനായില്ല. ചിത്രത്തിലേക്ക് തുറിച്ചു നോക്കിയിരുന്ന അവന്‍റെ മുഖത്തേക്ക് രോഷം ഇരച്ചു കയറി.
കോപാന്ധനായ അവന്‍ നിറക്കൂട്ടുകലെടുത്തു ക്യാന്‍വാസിലേക്ക് കമഴ്ത്തി. അത് മറിച്ചിട്ട ശേഷം നിലത്തിട്ടു ചവിട്ടി.
കലിയടങ്ങാതെ അതിനു തീ കൊളുത്തി.
മുറിയില്‍ പുക നിറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി നടന്നു.
ഉള്ളിലുള്ളതെല്ലാം പകര്‍ത്തി കഴിഞ്ഞുവെന്ന സത്യം അവന്‍ തിരിച്ചറിയുകയായിരുന്നു....

മനസ്സ് ഒഴിഞ്ഞ ക്യാന്‍വാസ് പോലെ ശുന്യമായിരുന്നു.
മരിച്ചു പോയ രൂപങ്ങളുടെ ആത്മാക്കളെ പേറിക്കഴിയാനാവാത്ത
തിരിച്ചറിവില്‍ ഒരു ദേശാടനത്തിന്‍റെ സാധ്യതകളെക്കുറിച്ച് അവനാലോചിച്ചു.

ഇരുട്ടിലൂടെ നടന്നവന്‍ പുഴക്കരയിലെ അവളുടെ കുഴിമാടത്തിനരികിലെത്തി, നിശബ്ദമായി പ്രാര്‍ത്ഥിച്ചു.
പാതിയടഞ്ഞ മിഴികളില്‍ നിന്നും കൊഴിഞ്ഞു വീണ കണ്ണുനീര്‍തുള്ളികള്‍
വിയോഗത്തിന്‍റെ മുറിവുണങ്ങാത്ത മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികളായിരുന്നു.
സ്വാന്തനത്തിന്‍റെ അദൃശ്യകരങ്ങള്‍ ഹൃദയത്തെ തഴുകിയപ്പോള്‍ അവന്‍ പുഴക്കരയിലേക്ക് നടന്നു.
ഓര്‍മകളില്‍ ഒരിക്കലും മറക്കാത്ത വളപ്പൊട്ടുകളുടെയും അതിന്‍റെ ജ്വലിക്കുന്ന സൗന്ദര്യത്തേയും ആത്മാവിലേറ്റ് വാങ്ങിയ പുഴ ശാന്തമായിരുന്നു.....

                                                                                    ഷംനാദ് സൈബീരിയ......5 comments:

 1. ആദ്യം ഒന്ന് വായിച്ചു മിണ്ടാതെ പോയി ...ഇപ്പോള്‍ വീണ്ടും വായിച്ചു ഷംനാദിന്റെ വളപ്പൊട്ടുകള്‍ ...ഇഷ്ടായി ഈ എഴുത്ത് ..!

  ReplyDelete
  Replies
  1. വളരെ നന്ദി കൊച്ചുമോള്‍... :)

   Delete
 2. മനസ്സെന്നും പുഴ പോലെ ശാന്തമാവട്ടെ...
  നല്ല വരികള്‍ക്ക് ആശംസകള്‍...

  ReplyDelete
  Replies
  1. മനസ്സ് പുഴ പോലെ ഒഴുകികൊണ്ട് ഇരിക്കുകയാണ്..
   നന്ദി ഷലി.. :)

   Delete
 3. മനസ്സ്...അതെങ്ങനെ ശൂന്യമായിരിക്കും? അതിൽ നിറയേ പ്രണയമല്ലേ?

  ReplyDelete